മതങ്ങളോട് അകന്നു സ്വിസ് ജനത: ജനസംഖ്യയില്‍ മൂന്നിലൊന്ന് അവിശ്വാസികള്‍

സൂറിക്: സ്വിസ് ജനസംഖ്യയുടെ മൂന്നിലൊന്ന് ‘അവിശ്വാസികളെന്നു റിപ്പോര്‍ട്ട്. ജനസംഖ്യയുടെ ഏകദേശം 30% വിശ്വാസികളല്ലാത്തവരാണെന്നാണ് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കഴിഞ്ഞ ദിവസം പുറത്ത്വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019-ല്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 1.9 ശതമാനം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മതവിശ്വാസമില്ലാത്തവരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷമായി വര്‍ദ്ധിച്ചു. 2019 ല്‍, 15 വയസ്സിനു മുകളിലുള്ളവരില്‍ മൂന്നിലൊന്ന് (29.5%) ഒരു മതത്തില്‍ പെട്ടവരല്ലന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2000ല്‍ ഇത് 11.4% ആയിരുന്നു. കണക്കുകള്‍ പ്രകാരം 2019ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ വിശ്വാസികളല്ലാത്തവരുടെ ശതമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.6 ശതമാനം ഉയര്‍ന്നു.

വിദേശ താമസക്കാരില്‍ 35.1 ശതമാനം പേരും ഒരു മതത്തിലും വിശ്വസിക്കുന്നില്ല. 2018-ല്‍ നിന്ന് 1.7 ശതമാനം പോയിന്റ് വര്‍ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സ്വിസ് പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ കണക്ക് അല്പം കുറവാണ് (27.6%), എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 1.5 ശതമാനം പോയിന്റ് ഇത് ഉയര്‍ന്നു എന്നതും വസ്തുതയാണ്.

ഉന്നത വിദ്യാഭാസം (അക്കാഡമിക്ക്) ഉള്ളവരുടെ ഇടയില്‍ മതപരമായ യാതൊരു ബന്ധവുമില്ലാത്ത ആളുകളുടെ അനുപാതം പ്രത്യേകിച്ചും ഉയര്‍ന്നു (43.7%). ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് മതമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

2019-ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിച്ചിരുന്ന പ്രായപൂര്‍ത്തിയായവരില്‍ 34.4 ശതമാനം മുതിര്‍ന്നവരും കത്തോലിക്കരാണെന്നാണ് അഭിപ്രായപ്പെട്ടത്. 22.5 ശതമാനം പേര്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലും. 2019-ല്‍ ഇരുവിഭാഗത്തിലും മതവിശ്വാസികളുടെ എണ്ണത്തില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറവുണ്ടായിട്ടുണ്ട്.

അതേസമയം അമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വിസ് ജനത മുഴുവനും രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു സഭയില്‍ ഉള്‍പ്പെടുന്നവരായിരുന്നു. എന്നാല്‍ 2018ലെ നേരിയ ഇടിവിന് ശേഷം മുസ്ലിംകളുടെ എണ്ണം ജനസംഖ്യയുടെ 5.5 ശതമാനമായി അല്പം വര്‍ദ്ധിച്ചു, കഴിഞ്ഞ വര്‍ഷം ഇത് 5.3 ശതമാനമായിരുന്നു. ജനസംഖ്യയുടെ 0.2% ജൂതരാണ്. ജൂതരുടെ ഇരട്ടിയിലധികം ഹിന്ദു, ബുദ്ധമത സമുദായങ്ങള്‍ സ്വിസ്സില്‍ ഉണ്ട്. അത് യഥാക്രമം 0.6%, 0.5% എന്നിങ്ങനെയാണ്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്ന മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും ഒരിക്കലും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ല. സര്‍വേയ്ക്ക് മുമ്പുള്ള 12 മാസങ്ങളില്‍ 45% പേര്‍ ഒരു തരത്തിലുള്ള പ്രാര്‍ത്ഥന പോലും നടത്തിയിട്ടില്ല. എന്നാല്‍ നാലിലൊന്ന് പേരും ദൈവവുമായി ദിവസേന സംഭാഷണം നടത്തുന്നുവെന്നും സര്‍വ്വേ പറയുന്നു.