ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ കേരള സര്‍ക്കാരിന് ലഭിക്കുന്നത് 22 രൂപ
ഒരു മയവും ഇല്ലാതെ പെട്രോള്‍ വില അടിയ്ക്കടി ഉയരുന്ന സ്ഥിതി വിശേഷമാണ് നാട്ടില്‍. ഓരോ ദിവസവും ഇന്ധനവില വര്‍ദ്ധിക്കുമ്പോള്‍ പ്രതിസന്ധിയില്‍ ആകുന്നത് സാധാരണ ജനങ്ങളാണ്. എന്നാല്‍, സര്‍ക്കാരിന് ഇന്ധനവില വര്‍ദ്ധിക്കുമ്പോള്‍ നികുതിയിനത്തില്‍ കോടികളാണ് ലഭിക്കുന്നത്. 750 കോടി രൂപയാണ് ഇന്ധനവില വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാരിന് അധികമായി ലഭിക്കുന്നത്. വില വര്‍ധനയ്ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ആണെന്ന ആരോപണം നിലനില്‍ക്കെ നമ്മുടെ സംസ്ഥാന സര്‍ക്കാരും കൊള്ള ലാഭം ആണ് ഇതിലൂടെ നേടുന്നത്.
ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു രൂപ വര്‍ദ്ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ 86 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് 22 രൂപയില്‍ അധികം ലഭിക്കും. 80 രൂപയ്ക്ക് ഡീസല്‍ വില്‍ക്കുമ്പോള്‍ 18 രൂപയില്‍ അധികവും ലഭിക്കും. സംസ്ഥാന സര്‍ക്കാരിന് ഇന്ധന വില്‍പ്പന നികുതിയിനത്തില്‍ മാത്രം പ്രതിമാസം ലഭിക്കുന്നത് 750 കോടി രൂപയാണ്. ഇന്ധനവില കൂടുമ്പോള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാനം കൂടും.
ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇന്‍ഷുറന്‍സ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്‌സൈസ് തീരുവ, വിപണന ചെലവ്, ഡീലര്‍ കമ്മീഷന്‍ ഇവയെല്ലാം ചേര്‍ന്നാണ്. ആഗോളതലത്തില്‍ എണ്ണവിലയില്‍ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്. എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ദ്ധിപ്പിച്ച് തുടങ്ങിയത് നവംബര്‍ മുതലായിരുന്നു. രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും വിലവര്‍ദ്ധന.
കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്‌സൈസ് തീരുവയിനത്തില്‍ ലഭിച്ചത്. കേരളത്തില്‍ പെട്രോളിന്റെ വില്‍പനനികുതി 30.8 ശതമാനവും ഡീസലിന്റെ വില്‍പന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ഉണ്ടായിരിക്കും.