ഡോളര്‍ കടത്ത് ; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളര്‍ കേസില്‍ കേരളാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. അടുത്ത ആഴ്ച സ്പീക്കറെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ് എന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി മൊഴിയെടുക്കാനാണ് കസ്റ്റംസ് പദ്ധതിയിട്ടിരിക്കുന്നത്. സ്പീക്കറെ ചോദ്യം ചെയ്ത ശേഷം സ്പീക്കര്‍ക്കെതിരെ പ്രതികള്‍ നല്‍കിയ മൊഴിയില്‍ കാര്യമുണ്ടോ എന്ന് പരിശോധിച്ചിട്ടായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍, സുഹൃത്ത് നാസ് അബ്ദുളള എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്ക് ഗള്‍ഫില്‍ നിക്ഷേപമുണ്ട് എന്നാണ്. ഗള്‍ഫില്‍ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപമുണ്ടെന്നാണ് മൊഴി. ഈ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കസ്റ്റംസ് തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന. നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്ത നാസ് അബ്ദുളളയുടെ പേരിലുള്ള ഒരു സിം കാര്‍ഡ് ആണ് സ്പീക്കര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പറില്‍ നിന്നും ഡോളര്‍ കടത്ത് കേസിലെ പ്രതികളെ വിളിച്ചിരുന്നതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല സ്വര്‍ണ്ണക്കടത്ത് കേസ് പുറത്തായതിന് ശേഷം ഈ സിം കാര്‍ഡ് പ്രവര്‍ത്തന രഹിതമായിട്ടുണ്ടെന്നും അതില്‍ ദുരൂഹത ഉണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.

അതേസമയം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്പീക്കര്‍ ഈ സിം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാര്‍ഡ് എടുക്കുമ്പോള്‍ തന്റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും അത് കൊണ്ടുതന്നെ നാസിന്റെ പേരിലുള്ള തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തതെന്നുമാണ് സ്പീക്കര്‍ അഭിമുഖത്തില്‍ പറഞ്ഞത്.