ഇലക്ഷന് മുന്‍പേ ട്രോളന്മാരെ തേടി സി.പി.എം
സമൂഹത്തിലെ ഒട്ടുമിക്ക മേഖലയിലും സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുന്ന കാലഘട്ടമാണ് ഇപ്പോള്‍. താഴെ തട്ടിലുള്ളവര്‍ മുതല്‍ ഏറ്റവും മുകള്‍ തട്ടില്‍ ഉള്ളവര്‍ വരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഉപഭോക്താക്കള്‍ ആയി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയുടെ സ്വീകാര്യതയും ദിനംപ്രതി കൂടി വരികയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒരു പിടിവള്ളി ആണ്. തങ്ങളുടെ ഭാഗം ന്യായീകരിക്കാനും വികസനങ്ങളും നിലപാടുകളും ജനങ്ങളില്‍ എത്തിക്കുവാനും ഏറ്റവും എളുപ്പം ഇപ്പോള്‍ ഈ സാമൂഹിക മാധ്യമമാണ്. അതില്‍ തന്നെ ഏറ്റവും ജനകീയമായ രീതികളിലൊന്നാണ് ട്രോളുകള്‍. പുതിയ കാലത്തെ ട്രോളുകളുടെ സാധ്യതയെ ഉപയോഗപ്പെടുത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് പ്രകാരം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ട്രോളുകള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ തേടുകയാണ് സി.പി.എം.
‘അനുദിനം വികസന പ്രവര്‍ത്തനങ്ങള്‍ വന്നുകൊണ്ടിരിക്കെ അതിനെയൊക്കെ മറച്ചുവെക്കുന്ന വാര്‍ത്താ പ്രചാരണങ്ങള്‍ക്കെതിരെ, ശൂന്യതയില്‍ നിന്ന് വ്യാജവാര്‍ത്തകളെഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുതല്‍കൂട്ടായിരിക്കും. ഒരു ട്രോള്‍ കൂട്ടായ്മ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്വയംസന്നദ്ധരായ ഒരുകൂട്ടം ട്രോളന്‍മാരെ ഞങ്ങള്‍ തേടുകയാണ്.’ – കുറിപ്പ് പറയുന്നു. നിലവില്‍ പോരാളി ഷാജി , ഇന്റര്‍ നാഷണല്‍ ചളു യൂണിയന്‍ എന്നിങ്ങനെ സി പി എം പാര്‍ട്ടിയുടെ അനൗദ്യോഗിക ട്രോള്‍ ഗ്രൂപ്പുകള്‍ വേറെ ഉണ്ട് എങ്കിലും ഇനിമുതല്‍ തങ്ങളുടെ പേജിലൂടെ മതി ട്രോളുകള്‍ എന്ന നിലയിലാണ് പാര്‍ട്ടിയുടെ തീരുമാനം എന്ന് തോന്നുന്നു.