അമ്പതുകാരിയുടെ കാമുകന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി ; ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കളമശേരി ചേനക്കാലയില്‍ ആണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അമ്പതുകാരിയുടെ കാമുകന്മാര്‍ ആണ് തമ്മിലടിച്ചത്. കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാര്‍ (38) കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസ് (51) എന്നിവരാണ് ഏറ്റുമുട്ടിയത്. ഇതില്‍ കമ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ സന്തോഷ് കുമാറിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്രോസ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. ഇയാള്‍ക്ക് എതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു.

ചേനക്കാലായില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പമാണ് ഭാര്യയും വേറെ മക്കളുമുള്ള സജിമോന്‍ ഏറെ കാലമായി താമസിച്ചു വന്നിരുന്നത്. ഇതിനിടെ ഇവര്‍ക്ക് സന്തോഷ്‌കുമാര്‍ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇയാള്‍ കണ്ടെത്തുകയായിരുന്നു. ഇത് കയ്യോടെ പിടികൂടാന്‍ സജിമോന്‍ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചു നിന്നു. ഈ സമയം വീട്ടിലെത്തിയ സന്തോഷ്‌കുമാര്‍ അകത്തു കയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു.

ഇതോടെ കുളി മുറിയില്‍ കയറി ഒളിക്കുവാന്‍ ശ്രമിച്ച ഇയാളെ പത്രോസ് പിടി കൂടി. ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ആയി. ഇതിനിടയില്‍ പത്രോസ് ഇരുമ്പു കമ്പി കൊണ്ട് സന്തോഷിന്റെ തലയില്‍ അടിക്കുകയായിരുന്നു. നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെആശുപത്രിയില്‍ എത്തിച്ചത്. സംഘട്ടനത്തിനു ശേഷം സ്ഥലത്തു നിന്നും മുങ്ങുവാന്‍ ശ്രമിച്ച പത്രോസിനെ നാട്ടുകാര്‍ തടഞ്ഞു വെച്ച് പൊലീസിന് കൈമാറുകയായിരുന്നു.