ശശി തരൂരിനെതിരെ കര്‍ണാടകയിലും രാജ്യദ്രോഹ കേസ്

തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കര്‍ണാടകയിലും രാജ്യ ദ്രോഹ കേസ്. റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപ്പെട്ടാണ് കര്‍ണാടക പൊലീസ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരണപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് തരൂരിനെതിരായ ആരോപണം.

നേരത്തെ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരുന്നു.തരൂരിനൊപ്പം ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, കാരവാന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് എന്നിവരാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. ഇവര്‍ക്കുപുറമേ തിരിച്ചറിയാത്ത ഒരാളുടെ പേരും എഫ്.ഐ.ആറിലുണ്ട്. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരപ്പന അഗ്രഹാര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് തരൂര്‍ അടക്കമുള്ളവരുടെ ട്വീറ്റിനെതിരെ പരാതി നല്‍കിയത്.