സി.പി.എമ്മിന്റെ ലക്ഷ്യം മുസ്‌ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കുക ; ചെന്നിത്തല

മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തമ്മിലടിപ്പിക്കുകയാണ് സിപിഎമ്മിന്റെ അജണ്ട എന്നും വളരെ അപകടകരമായ ഒരു രാഷ്ട്രീയമാണ് ഇവിടെ സിപിഎം കളിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്‌ലികളെ ഒറ്റപ്പെടുത്തുക, അതിന് അന്തര്‍ദേശീയ വിഷയങ്ങള്‍ പറയുക. എന്നിട്ട് ക്രിസ്ത്യാനികളുടെ ഇടയില്‍ ഭീതി പടര്‍ത്തുക, ഫ്രാന്‍സില്‍ പള്ളിപിടിക്കുന്നു, ഇവിടെ മുസ്‌ലികളെല്ലാം നിങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു തുടങ്ങിയ തെറ്റായ പ്രചരണങ്ങള്‍ അഴിച്ചുവിട്ട് മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. ഇരുമതവിഭാഗങ്ങളെയും തമ്മിലടിപ്പിച്ച് വര്‍ഗീയത പ്രചരിപ്പിക്കുക എന്നത് അവരുടെ പാര്‍ട്ടി തന്ത്രമാണ്. പാണക്കാട് തങ്ങള്‍ പാര്‍ട്ടിയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവാണ്. അദ്ദേഹത്തെ പോയി കാണുന്നതില്‍ എന്ത് വര്‍ഗീയതയാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. അര്‍ഹതയില്ലാത്ത ഒന്നും ആരും നേടിയിട്ടില്ല. സീറ്റ് ചര്‍ച്ചകള്‍ പകുതി പൂര്‍ത്തിയായെന്നും ആരൊക്കെ എവിടെ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സംശുദ്ധം സദ്ഭരണം എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് ഐശ്വര്യമുള്ള ഒരു കേരളം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. രാഷ്ട്രീയ കൊലപാതകങ്ങളില്ലാത്ത, ഹര്‍ത്താലുകളില്ലാത്ത, ജനവിരുദ്ധമായ നടപടികളില്ലാത്ത, പിഎസ് സി റാങ്ക് ലിസ്റ്റുകളുള്ളപ്പോള്‍ ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നിയമനം കൊടുക്കാത്ത, രാഷ്ട്രീയ എതിരാളികളെ വെടിവെച്ച് കൊല്ലാത്ത, ലോക്കപ്പ് മരണങ്ങളില്ലാത്ത ഒരു പുതിയ കേരളം അതാണ് തങ്ങളുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.