കൊച്ചിയില്‍ വീണ്ടും ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട ; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് ഒരു യുവതിയുള്‍പ്പെടെ മൂന്നു പേരെ ലക്ഷങ്ങള്‍ വില വരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, ഗഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി. കാസര്‍ഗോഡ്, വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയില്‍ സമീര്‍ വി.കെ(35), കോതമംഗലം, നെല്ലിമറ്റം, മുളമ്പായില്‍ വീട്ടില്‍ അജ്മല്‍ റസാഖ് (32), വൈപ്പിന്‍, ഞാറക്കല്‍, പെരുമ്പിള്ളി, ചേലാട്ടു വീട്ടില്‍, ആര്യ ചേലാട്ട് (23) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്‌സായ എം.ഡി.എം.എ യും, 1.280 കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു. കാസര്‍ഗോഡുകാരനായ സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്തതിന് ശേഷം നാട്ടില്‍ തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുന്നയാളാണ്. ഇതിന്റെ മറവിലാണ് ബാംഗ്ലൂരില്‍ നിന്നും, ഗോവയില്‍ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരിമരുന്നുകള്‍ ഇയാള്‍ വിറ്റഴിക്കുന്നത്.
ഒരുഗ്രാം എം.ഡി.എം. എ അയ്യായിരം മുതല്‍ ആറായിരം രൂപയും, ഹാഷിഷ് ഓയില്‍ 3 മില്ലിഗ്രാമിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെയുമാണ് ഇവര്‍ വില്പന നടത്തുന്നത്. ഈ പ്രദേശത്ത് വലിയൊരു സൗഹൃദവലയം ഇയാള്‍ക്ക് സഹായത്തിനായുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളിലെ ആളുകളും രക്ഷയ്ക്കായി കൂടെയുണ്ട്. യോദ്ധാവില്‍ കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരു മാസമായി നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
കൊച്ചിന്‍ പോലീസ് കമ്മീഷണറേറ്റിന്റ ‘ലഹരി മുക്ത കൊച്ചി’ക്കായി, മഹാനഗരത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പിടികൂടുന്നതിനു വേണ്ടി ‘യോദ്ധാവ് ‘ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷമാണ് കൊച്ചിയില്‍ രൂപീകരിച്ചത്. ഈ വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ പ്രത്യേകത രഹസ്യവിവരങ്ങള്‍ അയക്കുന്നയാളുടെ വിവരങ്ങള്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല എന്നതാണ്. ഇതുപോലുള്ള മയക്കുമരുന്ന് സംഘങ്ങളെ കണ്ടാല്‍ വീഡിയോ ആയോ, ചിത്രങ്ങളായോ, സന്ദേശങ്ങളായൊ അയക്കാവുന്നതാണ്. മയക്കുമരുന്ന് കള്ളക്കടത്തിനും, ദുരുപയോഗത്തിനും എതിരെ ഫലപ്രദമായ നടപടികളാണ് ഇന്‍സ്‌പെക്ടര്‍ ജനറലും പോലീസ് കമ്മീഷണറുമായ നാഗരാജു. ഐ.പി.എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്.
ജനുവരിയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ തൃക്കാക്കര ഭാഗത്ത് നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന 45 ഗ്രാം എം.ഡി.എം.എ യുമായി വെണ്ണല, ചക്കരപറമ്പ് ,ഷിഹാബിനെയും, മലപ്പുറം കോട്ടക്കല്‍ ജുനൈദിനെയും, എളമക്കര ഭാഗത്തു നിന്നും മലപ്പുറം പൊന്നാനി സ്വദേശികളായ അജ്മല്‍, അനസ് എന്നിവരെ 10 ഗ്രാം എം.ഡി.എ യുമായും, കളമശ്ശേരിയില്‍ അരക്കിലോ ഗ്രാം ഗഞ്ചാവുമായി അങ്കമാലി മാര്‍ട്ടിനെയും അടക്കം അഞ്ചു പേരെ പിടികൂടി റിമാന്റ് ചെയ്ത് തുടര്‍ന്ന് അന്വേഷണം നടത്തി വരുന്നു.
കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന്, ഗഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നതായി വിവരം ലഭിച്ചാല്‍ യോദ്ധാവ് വാട്ട്‌സാപ്പ് 9995966666 എന്ന നമ്പറിലോ, ഡാന്‍സാഫിന്റെ 9497980430 എന്ന നമ്പറിലോ അയക്കുക .അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു.