പരീക്ഷാ ഭവന്റെ പേരില്‍ വ്യാജസൈറ്റുണ്ടാക്കി തട്ടിപ്പ് ; പിടിയിലായത് രാജ്യാന്തര ക്രിമിനല്‍

സംസ്ഥാന പരീക്ഷാ ഭവന്റെ പേരില്‍ വ്യാജസൈറ്റുണ്ടാക്കി തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ അവിനാശ് റോയ് വര്‍മ രാജ്യാന്തര കുറ്റവാളിയാണ് എന്ന് പോലീസ്. 40ലധികം പരീക്ഷാ ബോര്‍ഡുകളുടെയും സര്‍വകലാശാലകളുടെയും പേരില്‍ വെബ്‌സൈറ്റുണ്ടാക്കി ഇയ്യാള്‍ തട്ടിപ്പ് നടത്തി എന്നും പോലീസ് പറയുന്നു. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കുന്ന അവിനാശ് വര്‍മയെ സൈബര്‍ ക്രൈം പൊലീസ് വിശദമായി ചോദ്യംചെയ്യും.

സംസ്ഥാന പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേസിലാണ് തട്ടിപ്പ് സംഘത്തെ കേന്ദ്രീകരിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയത്. അറസ്റ്റിലായ 23 വയസ്സുള്ള മുഖ്യപ്രതി അവിനാശ് റോയ് വര്‍മയെ ചോദ്യംചെയ്തതില്‍ തട്ടിപ്പ് രാജ്യവ്യാപകമാണെന്ന് വ്യക്തമായി.

പരീക്ഷാ ഭവന്റെ പേരിലാണ് ഏറ്റവുമധികം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. കുസാറ്റ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി, അസം പരീക്ഷ ബോര്‍ഡ് ഉള്‍പ്പെടെ നാല്‍പതോളം ബോര്‍ഡുകളുടെയും സര്‍വ്വകലാശാലകളുടെയും പേരില്‍ വ്യാജ സൈറ്റുണ്ടാക്കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇങ്ങനെ 22 സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടന്നു.

ബിഹാര്‍ സ്വദേശിയായ വിദ്യാര്‍ഥി ഡല്‍ഹി സര്‍വകലാശാലയില്‍ അഡ്മിഷന് സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിലെ സംശയങ്ങളാണ് ദുരൂഹതയുടെ തുടക്കം. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് സ്‌കൂളില്‍ നിന്ന് പ്ലസ് ടു പാസായ സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ത്ഥി ഹാജരാക്കിയത്. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍വ്വകലാശാല അധികൃതര്‍ കേരളത്തിലെ പരീക്ഷാ ഭവനില്‍ നിന്ന് വ്യക്തത തേടുകയായിരുന്നു. ഇതടക്കമുള്ള കേസുകളില്‍ ഇടനിലക്കാരെ കുറിച്ചും വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അവിനാശിനെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്ത് സംഘത്തിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. അവിനാശില്‍ നിന്ന് പിടിച്ചെടുത്ത ലക്ഷങ്ങള്‍ വിലയുള്ള ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ഫോറന്‍സിക് പരിശോധനക്ക് അയക്കും. തിരുവനന്തപുരം സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ സിജു കെ എല്ലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.