മുസ്ലിം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കരുത് എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വര്‍ഗ്ഗീയത നിറഞ്ഞ പ്രസ്താവനകള്‍ അടിക്കടി നടത്തുന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനെ പരോക്ഷമായി വിമര്‍ശിച്ച് ഗീവര്‍ഗീസ് കൂറിലോസ് തിരുമേനി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഗീവര്‍ഗീസ് കൂറിലോസ് നിലപാട് വ്യക്തമാക്കിയത്. പോസ്റ്റില്‍ ആരെയും വ്യക്തിപരമായി പരാമര്‍ശിക്കുന്നില്ലെങ്കിലും വിജയരാഘവന്‍ അടുത്തിടെ നടത്തിയ പ്രസ്താവനയാണ് പോസ്റ്റിന് കാരണമെന്ന് വ്യക്തമാണ്.

തെരഞ്ഞെടുപ്പുകള്‍ വരും പോകുമെന്നും ജയവും തോല്‍വിയും മാറി മറിയാമെന്നും പക്ഷേ, വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയാണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ കാലത്തും ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

‘പറയാതെ വയ്യ
തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറി മറിയാം. പക്ഷെ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്‌ഫോടനത്മകമായ സന്ദര്ഭങ്ങളില്‍ പോലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തില്‍ ആക്രമിക്കുന്നതും മുസ്ലിം -ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്പിക്കും’