നിയമസഭാ തെരഞ്ഞെടുപ്പ് ; പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാഷ്ട്രീയ കക്ഷികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. 80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കൂ. പ്രചാരണ വാഹന ജാഥകള്‍ക്ക് പരമാവധി അഞ്ച് വാഹനങ്ങളാകും അനുവദിക്കുക. ഒരു ജാഥ പൂര്‍ത്തിയായി അരമണിക്കൂറിന് ശേഷമേ അടുത്തത് പാടുള്ളൂ. ഇത്തവണ ഓണ്‍ലൈന്‍ ആയി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. ഓണ്‍ലൈനായി നല്‍കുന്നവര്‍ അതു ഡൗണ്‍ലോഡ് ചെയ്ത് പകര്‍പ്പ് വരണാധികാരിക്ക് നല്‍കണം. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി കെട്ടിവെക്കേണ്ട തുകയും ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയും.
80 വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കും. ഇത്തരക്കാര്‍ക്ക് തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ടീം രൂപീകരിക്കും. തപാല്‍ വോട്ടിന് ആഗ്രഹിക്കുന്നവര്‍ 12-ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തിയ്യതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ച് ദിവസം വരെ ഇത്തരത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടായി. ഇതുസംബന്ധിച്ച് ഒരാഴ്ചയ്ക്കകം രേഖാമൂലം അഭിപ്രായം അറിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചു.
പോളിങ് സമയം നീട്ടണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഏഴ് മണി വരെ പോളിങ് സമയം അനുവദിക്കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് ടിക്കാറാം മീണയും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര കമ്മീഷനായിരിക്കും അന്തിമ തീരുമാനമെടുക്കുക.ഏപ്രില്‍ മാസം പകുതിയോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനാണ് തീരുമാനം.