ബ്രേക്ക് ശരിയാക്കാന്‍ പറ്റില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടി ‘; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍
കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ ബജറ്റിനെ പരിഹസിച്ച് ശശി തരൂര്‍ എംപി. ‘ബ്രേക്ക് ശരിയാക്കാന്‍ പറ്റില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്നു പറയുന്ന മെക്കാനിക്കിനെയാണ് ബിജെപി സര്‍ക്കാര്‍ ഓര്‍മിപ്പിക്കുന്നതെന്ന് ശശി തരൂര്‍ എംപി പരിഹസിച്ചു.കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരും കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ രണ്ട് തട്ടിലാക്കുന്ന, വൈരുദ്ധ്യം വര്‍ധിപ്പിക്കുന്ന ബജറ്റാണിതെന്ന് ബെന്നി ബെഹ്നാന്‍ വിമര്‍ശിച്ചു. ബജറ്റ് യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ല. ഇന്ധന വില കുറക്കാന്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തിന് ഗുണപ്രദമായ ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മകമായ ഒരു പ്രഖ്യാപനവും ഇല്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. രാജ്യത്തെ മൊത്തത്തില്‍ തൂക്കിവില്‍ക്കുന്ന പദ്ധതികളാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊച്ചി മെട്രോ രണ്ടാം ഘട്ടം ജനങ്ങളെ കബളിപ്പിക്കലാണെന്നാണ് ഹൈബി ഈഡന്റെ വിമര്‍ശനം.