ശിവശങ്കരന് ജാമ്യം ; ജയില്‍ മോചിതനാകും

പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. സ്വര്‍ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ നേരത്തെ തന്നെ ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ ബോണ്ട് നല്‍കണമെന്നും രണ്ടു പേരുടെ ആള്‍ ജാമ്യം ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 98 ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവശങ്കര്‍ ജയില്‍ മോചിതനാകുന്നത്.

എം ശിവശങ്കറിന് ഡോളര്‍ കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി. ശിവശങ്കറിനെതിരെ ശക്തമായ അന്വേഷണം ആവശ്യമാണ്. എന്നാല്‍ കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍ ശിവശങ്കര്‍ ഡോളര്‍ കടത്തിനെ കുറിച്ച് സര്‍ക്കാറിനെ അറിയാക്കാതിരുന്നത് ഗൗരവമായി കാണണം. ശിവശങ്കറിന് ജാമ്യം അനുവദിച്ചത് ആരോഗ്യ കാരണങ്ങളാലെന്നും ജാമ്യ ഉത്തരവിലുണ്ട്.സ്വര്‍ണക്കടത്ത് കേസിലെ അതേ ജാമ്യവ്യവസ്ഥകളില്‍ തന്നെയാണ് ഡോളര്‍ക്കടത്ത് കേസിലും എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.

ഒക്ടോബര്‍ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കളളപ്പണക്കേസില്‍ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ നവംബറില്‍ സ്വര്‍ണക്കടത്ത് കേസിലും ജനുവരിയില്‍ ഡോളര്‍ക്കടത്ത് കേസിലും കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തി. ഒന്നര കോടിയുടെ ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നായിരുന്നു കസ്റ്റംസിന്റെ വാദം. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലും കളളപ്പണ കേസില്‍ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് കോടതി ജാമ്യം അനുവദിച്ചത്.ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കുമില്ലെന്നും ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും എം ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു. കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികള്‍ നല്‍കിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്റെ കൈവശം ഉള്ളതെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.