കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു ; ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍

ദ കാരവന്‍, കിസാന്‍ ഏകതാ മോര്‍ച്ച, തുടങ്ങി മരവിപ്പിച്ച ഹാന്‍ഡിലുകള്‍ പുനഃസ്ഥാപിച്ചതില്‍ ട്വിറ്ററിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഐടി ആക്ട് 69 എ പ്രകാരമുള്ള നടപടികള്‍ എടുക്കാത്തതിന് ട്വിറ്ററിനെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കര്‍ഷക സമരത്തിന് പിന്തുണയേറുന്ന വിധം രാജ്യത്ത് കര്‍ഷക വംശഹത്യ നടക്കുകയാണെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് പിന്നിലുള്ള അക്കൌണ്ടുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. #ModiPlanningFarmerGenocide എന്ന ഹാഷ്ടാഗില്‍ നടക്കുന്ന തെറ്റായ പ്രചരണം ഉള്‍പ്പടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇത്തരം പ്രചാരണങ്ങള്‍ വിദ്വേഷമുണ്ടാക്കുന്നതും വസ്തുതാപരമായി തെറ്റുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കേന്ദ്രത്തിനെതിരേയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച ഒരു തത്സമയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ‘കിസാന്‍ എക്താ മോര്‍ച്ച’ പേജ് അപ്രത്യക്ഷമായിരുന്നു. റിപബ്ലിക് ദിനത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കാരവന്‍ മാസികയുടെയും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു.മരവിപ്പിച്ച അക്കൌണ്ടുകളില്‍ കാരവാന്‍ മാഗസിന്‍, കിസാന്‍ ഏക്താ മോര്‍ച്ച, ആദിവാസി നേതാവ് ഹന്‍സരാജ് മീന, നടന്‍ സുശാന്ത് സിംഗ് എന്നിവരുടെ എല്ലാം അക്കൌണ്ടുകള്‍ ഉള്‍പ്പെടുന്നു. ഈ അക്കൌണ്ടുകള്‍ എല്ലാ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ്.

എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ട്വിറ്റര്‍ 250 ഓളം ട്വീറ്റ്‌സും, ട്വിറ്റര്‍ അക്കൌണ്ടുകളും ബ്ലോക്ക് ചെയ്തിരുന്നു. വ്യാജമായതും, പ്രകോപനമുണ്ടാക്കുന്നതുമായ വിവരങ്ങള്‍ പങ്കുവച്ചതിന് ഐടി ആക്ട് 69 എ പ്രകാരമാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട് എന്നാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും, വിവിധ ഏജന്‍സികളുടെയും ആവശ്യപ്രകാരമാണ് ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ നടപടിയെന്നും എ.എന്‍.ഐ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ട്വിറ്റര്‍ ഒരു ഇടനിലക്കാരനാണ്, അവര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യാന്‍ വിസമ്മതിക്കുന്നത് ശിക്ഷാ നടപടിയെ ക്ഷണിച്ചുവരുത്തും. സര്‍ക്കാരിന് പൊതു നിലപാടുണ്ടെന്നും അധികാരികളുടെ അവകാശങ്ങള്‍ എന്താണെന്നും ഭരണഘടനാ ബെഞ്ചുകള്‍ ഉള്‍പ്പെടെ അര ഡസനിലധികം സുപ്രീം കോടതി വിധിന്യായങ്ങള്‍ ട്വിറ്ററിന് സര്‍ക്കാര്‍ നല്‍കിയ നോട്ടീസ് ചൂണ്ടിക്കാണിക്കുന്നു.

ട്വിറ്റര്‍ ഒരു ഇടനിലക്കാരന്‍ എന്ന നിലയില്‍ അധികാരികളുടെ സംതൃപ്തി അനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമാണ്, രാജ്യത്തെ പൊതു രീതി പാളം തെറ്റിക്കുന്നതിലുള്ള സ്വാധീനത്തെക്കുറിച്ച് അധികാരികളുടെ സംതൃപ്തിയെച്ചൊല്ലി ട്വിറ്ററിന് അപ്പീല്‍ അതോറിറ്റിയായി ഇരിക്കാന്‍ കഴിയില്ല. അത് ഒരു ഇടനിലക്കാരന്‍ മാത്രമാണ്. ട്വിറ്ററിന് കോടതിയുടെ പങ്ക് ഏറ്റെടുക്കാനും അനുസരിക്കാത്തതിനെ ന്യായീകരിക്കാനും കഴിയില്ല. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാത്തതിന് ട്വിറ്റര്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.