ജെസ്‌നയുടെ തിരോധാനം ; ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരന്‍ ?ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ചു. എരുമേലി സ്വദേശി ആര്‍.രഘുനാഥന്‍ നായരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 10 മണിയോടെയാണ് ഇയാള്‍ കോടതി വളപ്പില്‍ പ്രവേശിച്ചത്. ഈ സമയത്ത് കോടതി വളപ്പിലേക്കെത്തിയ ജസ്റ്റിസ് ഷെര്‍സിയുടെ കാറിലാണ് ഇയാള്‍ കരി ഓയില്‍ ഒഴിച്ചത്. ഹൈക്കോടതി ജഡ്ജി വി. ഷെര്‍സിയുടെ കാറിന് പുറത്ത് കരി ഓയില്‍ ഒഴിച്ചത് ജസ്‌ന തിരോധാനത്തില്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചെന്ന് മൊഴി. ഹൈക്കോടതി ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിയുടെ വാഹനത്തിന് നേരെ ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത്. സംഭവത്തില്‍ പ്രതിയായ എരുമേലി സ്വദേശി രഘുനാഥന്‍ നായരെ ഹൈക്കോടതി സുരക്ഷ ജീവനക്കാര്‍ പിടികൂടി പൊലീസിന് കൈമാറി. പ്ലക്കാര്‍ഡുമായെത്തിയ ഇയാള്‍ കോടതിയില്‍ ആളുകള്‍ക്ക് കയറാനുള്ള വഴിയിലൂടെ എത്തി വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നിടത്ത് എത്തുകയായിരുന്നു.

രാവിലെ 9.45 ഓടെ ജഡ്ജി വി ഷിര്‍സിയുടെ വാഹനം ഒന്നാം ഗേറ്റിലൂടെ ഹൈക്കോടതിയിലേയ്ക്ക് പ്രവേശിക്കവെയാണ് കരി ഓയില്‍ അക്രമം നടന്നത്. അപ്രതീക്ഷിതമായി അക്രമം നടത്തിയ എരുമേലി സ്വദേശി രഘുനാഥന്‍ നായരെ ഉടന്‍ ഹൈക്കോടതിയിലെ പൊലീസ് ഉദ്യോഗസ്ഥരും ജഡ്ജിയുടെ സുരക്ഷാ ജീവനക്കാരും പിടികൂടി. ഇയാളെ സെന്‍ട്രല്‍ പൊലീസിനെ ഏല്‍പ്പിച്ചു. എ സി പി ലാല്‍ജിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ 2018 ല്‍ പത്തനംതിട്ടയില്‍ നിന്നും കണാതായ ജെസ്ന മരിയ ജെയിംസിന്റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് ഇയാള്‍ നല്‍കിയ പരാതികള്‍ പൊലീസ് അവഗണിച്ചു എന്നും ശരിയായ അന്വേഷണം നടക്കാത്തതിലുള്ള പ്രതിഷേധമായാണ് കരി ഓയില്‍ ഒഴിച്ചത് എന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു സംഘടന നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ജസ്റ്റിസ് വിനോദ് ചന്ദ്രനും എം ആര്‍ അനിതയും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ച് പിന്‍വലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ബഞ്ചില്‍ ജസ്റ്റിസ് വി ഷിര്‍സി ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിനെതിരെ കരുതിക്കൂട്ടി നടന്ന ആക്രമണം അല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ ഡി സി പി ഐശ്വര്യ ഡോങ്‌റെ അടക്കമുള്ളവര്‍ ഹൈക്കോടതിയിലെത്തി ജസ്റ്റിസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജെസ്‌നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി.