ബാലറ്റിലേയ്ക്ക് മടങ്ങാന്‍ തയ്യാറായി മഹാരാഷ്ട്ര

സംസ്ഥാനത്തു ഇനി നടക്കുവാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിനായി നിയമസഭയില്‍ ബില്ലവതരിപ്പിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ നാനാ പടോളെയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ നടക്കുന്ന സഭയുടെ ബജറ്റ് സമ്മേളനത്തിലാകും ബില്‍ അവതരിപ്പിക്കുക.

നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലുമാണ് ബാലറ്റ് ഉപയോഗിക്കുക. ആദ്യമായാണ് ഒരു സംസ്ഥാനം ബാലറ്റ് പേപ്പര്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണം എന്ന ആവശ്യവുമായി നിയമനിര്‍മാണം നടത്തുന്നത്. നിലവില്‍ രാജ്യത്തുടനീളം ഇലക്ട്രോണിക് വോട്ടിങ് മെഷിനാണ് തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നത്.

ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരപരിധിയില്‍പ്പെട്ടതാണ് തെരഞ്ഞെടുപ്പും അനുബന്ധ കാര്യങ്ങളും. ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭകള്‍ക്ക് നിയമനിര്‍മാണം നടത്താമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ഭരണഘടനയുടെ 328-ാം വകുപ്പ് പ്രകാരം ഇത്തരമൊരു നിയമനിര്‍മാണത്തിന് അധികാരമുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മന്ത്രി അമിത് ദേശ്മുഖ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ബാല്‍ദേവ് സിങ് തുടങ്ങിയര്‍ പങ്കെടുത്തു.

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ക്ക് സുതാര്യതയില്ലെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നുമുള്ള ആവശ്യം പ്രതിപക്ഷ കക്ഷികള്‍ നിരന്തരമായി ഉന്നയിക്കുന്നതാണ്. സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന മഹാവികാസ് അഖാഡിയിലെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളും ഈയാവശ്യം പല തവണ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ തന്നെ മതിയെന്ന നിലപാടിലാണ് ബിജെപി. തെരഞ്ഞെടുപ്പ് കമ്മിഷനും ഇതേ നിലപാടാണ് ഉള്ളത്. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ വ്യാപകമായി തിരിമറി നടക്കുന്നു എന്ന ആരോപണം ഉള്ളത് കൊണ്ട് തന്നെയാണ് മഹാരാഷ്ട്ര മാറി ചിന്തിക്കുവാന്‍ കാരണം.