സി-ഡിറ്റില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ ; നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി
ഈ മാസം അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. സി-ഡിറ്റിലെ 115 താല്‍ക്കാലിക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. ക്രൈസ്തവ നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വിവിധ ക്രൈസ്തവ സഭകളിലും മത വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന നാടാര്‍ വിഭാഗങ്ങള്‍ക്ക് ഇനി സംവരണം ലഭിക്കും. നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
നാടാര്‍ സമുദായത്തെ പൂര്‍ണമായും സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെയും ആവശ്യം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ തിരുവനന്തപുരത്ത് പ്രതിഷേധങ്ങളും നടന്നിരുന്നു. പല പി.എസ്.സി റാങ്ക് ലിസ്റ്റുകളില്‍ നിന്നും നാമമാത്രമായ നിയമനം മാത്രമാണ് നടന്നതെന്ന് പരാതിയുണ്ടായിരുന്നു. റാങ്ക് ഹോള്‍ഡേഴ്‌സ് പലയിടങ്ങളിലും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ആഗസ്ത് 31 വരെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയത്.
അതേസമയം പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് സമീപിക്കുക എകെജി സെന്റര്‍ എന്ന ബോര്‍ഡും യൂത്ത് കോണ്‍ഗ്രസ് പി.എസ്.സി ഓഫീസിന് മുന്നില്‍ സ്ഥാപിച്ചു.