കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ; മുഖം രക്ഷിക്കാന്‍ ന്യായങ്ങള്‍ നിരത്തി കേന്ദ്രം

മാസങ്ങളായി തുടര്‍ന്ന് വരുന്ന കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ പിന്തുണയേറുന്ന സാഹചര്യത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. സെന്‍സേഷണലിസ്റ്റ് ഹാഷ് ടാഗുകളും കമന്റുകളും ഏറ്റെടുക്കുന്നത് ചില പ്രശസ്തരുടെ പതിവാണെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിക്ഷിപ്ത താല്‍പര്യക്കാരായ ചിലര്‍ അവരുടെ അജണ്ടകള്‍ പ്രതിഷേധക്കാരില്‍ അടിച്ചേല്‍പ്പിക്കാനും അവരെ വഴിതെറ്റിക്കാനും ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതിന്റെ ഏറ്റവും മോശമായ അവസ്ഥയാണ് ജനുവരി 26ന് കണ്ടത്. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ഈ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ പ്രേരണ മൂലമാണ് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവമുണ്ടായത്. ഇന്ത്യയ്ക്കും സംസ്‌കാരമുള്ള ഏതു സമൂഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണിത്, പ്രസ്താവനയില്‍ പറയുന്നു.

പുതിയ കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷകരില്‍ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമുള്ളത്. നിയമം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ പശ്ചാത്തലത്തില്‍ വേണം സമരത്തെ കാണേണ്ടതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യയിലെ കര്‍ഷക സമരത്തിന് അന്താരാഷ്ട്ര സമൂഹത്തില്‍ തന്നെ പിന്തുണയേറുകയാണ്. വിഖ്യാത യു.എസ് പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസ് തുടങ്ങിയവരാണ് പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

അതിനിടെ കര്‍ഷക സമരത്തെ പിന്തുണച്ച അന്താരാഷ്ട്ര പോപ്പ് സിങ്ങര്‍ റിഹാനയ്‌ക്കെതിരെ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത് രംഗത്തെത്തി. ചൊവ്വാഴ്ച തന്റെ ട്വിറ്ററിലൂടെയാണ് നടി റിഹാനയെ വിമര്‍ശിച്ചത്. അവര്‍ കര്‍ഷകരല്ല ‘തീവ്രവാദികളാണ്’ എന്ന് കങ്കണ പറഞ്ഞു. മാത്രമല്ല അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കയാണെന്നും റിഹാന ഒരു വിഡ്ഢിയാണെന്നും നടി അഭിപ്രായപ്പെട്ടു. റിഹാനയുടെ ട്വിറ്റര്‍ ഫോള്ളോവെഴ്‌സിന്റെ എണ്ണം 100 മില്യണാണ് കങ്കണയുടേത് 3 മില്യണും. കര്‍ഷക സമരത്തെ പിന്തുണച്ച് റിഹാന രംഗത്തെത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച വാര്‍ത്ത പങ്കുവെച്ച് ഇതിനെ കുറിച്ച് നമ്മള്‍ എന്ത് കൊണ്ട് ചര്‍ച്ച ചെയ്യുന്നില്ലയെന്ന് റിഹാന ചോദിച്ചിരുന്നു. ഇതിന് മറുപടിയായി അവരെ കുറിച്ച് ആരും സംസാരിക്കാത്തത് അവര്‍ തീവ്രവാദികളയതിനാല്‍ ആണെന്നും, വിഭജിക്കപ്പെട്ട ഇന്ത്യയെ ചൈനീസ് കോളനി ആക്കാനാണ് കര്‍ഷകരുടെ ശ്രമമെന്നും കങ്കണ പറഞ്ഞു.