കോവിഡ് കാരണം കോമയിലായിരുന്ന യുവതി താന്‍ ജന്മം നല്‍കിയ കുഞ്ഞിനെ കണ്ടത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം
പ്രസവശേഷം തന്റെ കുഞ്ഞിനെ ‘അമ്മ നേരില്‍ കാണുന്നത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം. യുഎസിലെ കെല്‍സി ടൗണ്‍സെന്റ് എന്ന അമ്മ കൊറോണ കാലത്ത് തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആ കുഞ്ഞിനെ ഒരു നോക്ക് കണ്ടത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ്. നവംബര്‍ 4 ന് സിസേറിയന്‍ വഴി കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ കോവിഡ് -19 ബാധിതയായ ടൗണ്‍സെന്റ് കോമയിലായിരുന്നു, മാഡിസണിലെ എസ്എസ്എം ഹെല്‍ത്ത് സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ജീവിതത്തിനും മരണത്തിനുമിടയില്‍ 75 ദിവസം ഈ അമ്മ ചെലവഴിച്ചു. എന്നാല്‍ ജീവിത്തിലേയ്ക്ക് മടങ്ങിയെത്തിയ കെല്‍സി മാഡിസണിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ദിവസമായ ജനുവരി 27 നാണ് കുഞ്ഞിനെ ആദ്യമായി കാണുന്നത്. തിളങ്ങുന്ന കണ്ണുകളും പുഞ്ചിരിക്കുന്ന മുഖവുമുള്ള പെണ്‍ കുഞ്ഞിന് ലൂസി എന്നാണ് പേരിട്ടിരിക്കുന്നത്.
കുഞ്ഞിനെ മാറോടണച്ച ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ടപ്പോള്‍ തന്നെ അവള്‍ തന്നെ നോക്കി ചിരിച്ചെന്നും താന്‍ ആരാണെന്ന് അവള്‍ക്ക് കൃത്യമായി അറിയാമെന്നും ആ അമ്മ പറഞ്ഞു. കോവിഡ് 19 രോഗബാധിതയായ ഒരു അമ്മ കുഞ്ഞിനെ പ്രസവിച്ചത് ഈ ആശുപത്രിയില്‍ വളരെ അപൂര്‍വമായ ഒന്നായിരുന്നുവെന്ന് എസ്എസ്എം ഹെല്‍ത്ത് വിസ്‌കോണ്‍സിന്‍ റീജിയണ്‍ വനിതാ നവജാത ആരോഗ്യ മെഡിക്കല്‍ ഡയറക്ടറായ ഡോ. ജെന്നിഫര്‍ ക്രുപ്പ് പറഞ്ഞു.
കെല്‍സി ടൗണ്‍സെന്‍ഡ് ആശുപത്രിയില്‍ എത്തുമ്പോള്‍ അവരുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ നില വളരെ കുറവായിരുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനും മറ്റ് അവയവങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാവുന്ന തരത്തിലായിരുന്നു സ്ഥിതി. കുഞ്ഞിന്റെ ചര്‍മ്മത്തിന് ചാരനിറവും നീല നിറവും കലര്‍ന്നിരുന്നുവെന്ന് ഡോ. തോമസ് ലിറ്റില്‍ഫീല്‍ഡ് ബുധനാഴ്ച ഇമെയില്‍ വഴി പറഞ്ഞു. ടൗണ്‍സെന്റിന് ഡിസംബര്‍ അവസാനത്തോടെ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ഡോക്ടര്‍മാര്‍ കരുതിയിരുന്നു. എന്നാല്‍ പിന്നീട് നില മെച്ചപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ടൗണ്‍സെന്റിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. ജനുവരി പകുതിയോടെ ഒരു വെന്റിലേറ്റര്‍ കൂടി ഊരിമാറ്റി.
ടൗണ്‍സെന്റിന്റെ ഭര്‍ത്താവ് ഡെറിക് ടൌണ്‍സെന്റ് ഈ അനുഭവത്തെ തന്റെ ജീവിതത്തിലെ വലിയ ഒരു കടമ്പ എന്നാണ് വിശേഷിപ്പിച്ചത്. കെല്‍സിയെ പിന്തുണയ്ക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്തതായും അവള്‍ പൂര്‍വ്വസ്ഥിതിയിലെത്താന്‍ ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അവളെ നഷ്ടപ്പെടുമെന്ന് കരുതിയ അവസരങ്ങള്‍ ഉണ്ടായതായും ഭര്‍ത്താവ് ഡെറിക് ടൌണ്‍സെന്റ് പറഞ്ഞു. ലൂസിയുമൊത്തുള്ള കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ അവള്‍ അവളുടെ അമ്മയെ തിരയുകയായിരുന്നുവെന്നും ഡെറിക് പറഞ്ഞു.