പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ഇനിമുതല്‍ ഫേസ്ബുക്കിലെ നല്ല നടപ്പും നോക്കും
നാട്ടില്‍ നല്ലപിള്ള ആയി നടന്നിട്ട് സോഷ്യല്‍ മീഡിയയില്‍ ഭീകരന്‍ ആകുന്ന വ്യക്തിയാണോ താങ്കള്‍. എങ്കില്‍ സൂക്ഷിക്കണം ഇനിമുതല്‍ പാസ്‌പോര്‍ട് ലഭിക്കണമെങ്കില്‍ പൊലീസ് വേരിഫിക്കേഷന്‍ മാത്രം പോരാ സോഷ്യല്‍ മീഡിയ വേരിഫിക്കേഷന്‍ കൂടി വേണം. അതായത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവിടങ്ങളിലെ ഇടപെടലുകളും അവിടെ പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും ശ്രദ്ധിക്കും എന്നര്‍ത്ഥം.
ഇന്ത്യയില്‍ ആദ്യമായി ഇത് നടപ്പാക്കാന്‍ ഒരുങ്ങുന്നത് ഉത്തരാഖണ്ഡ് സംസ്ഥാനമാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ഉത്തരാഖണ്ഡ് ഡി ജി പി അശോക് കുമാര്‍ വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം വര്‍ദ്ധിക്കുന്നത് തടയാന്‍ പാസ്‌പോര്‍ട് അപേക്ഷകരുടെ ഓണ്‍ലൈന്‍ പെരുമാറ്റം പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പെരുമാറ്റം പരിശോധിച്ച് ഉറപ്പിക്കാന്‍ തീരുമാനമായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം വര്‍ദ്ധിക്കുന്നത് തടയാന്‍ ഈ നടപടി ആവശ്യമാണെന്ന് തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് കുമാര്‍ പറഞ്ഞു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും രേഖ നല്‍കരുതെന്ന് പാസ്‌പോര്‍ട്ട് നിയമത്തില്‍ ഒരു വ്യവസ്ഥ ഉണ്ടെന്നും അത് നടപ്പാക്കുന്നതിനെ അനുകൂലിച്ച് മാത്രമാണ് താന്‍ സംസാരിക്കുന്നതെന്നും കുമാര്‍ പറഞ്ഞു. ഭരണഘടന നിര്‍വചിച്ചിരിക്കുന്ന പ്രകാരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എന്തിനെതിരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് നിലയില്‍ താന്‍ നില കൊള്ളുന്നുവെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയുടെ വര്‍ദ്ധിച്ചു വരുന്ന ദുരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഉപയോക്താക്കള്‍ സന്ദേശം പോസ്റ്റ് ചെയ്യുന്നതിനും ഇതു പോലുള്ള നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.