ആലപ്പുഴയില്‍ വിവാഹ വീട്ടിലെ സംഘര്‍ഷം ; പരിക്കേറ്റ യുവാവ് മരിച്ചു ; പ്രതികളില്‍ വരന്റെ പിതാവും

മാവേലിക്കര കോഴിപാലത്ത് വിവാഹ വീട്ടില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. തട്ടാരമ്പലം മറ്റം വടക്ക് സ്വദേശി രഞ്ജിത്ത് എന്ന 33 കാരനാണ് മരിച്ചത്.മാവേലിക്കര കോഴിപ്പാലത്ത് നെല്‍സണ്‍ എന്നയാളുടെ മകന്റെ കല്യാണത്തിന്റെ അന്നുണ്ടായ സംഘര്‍ഷമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചതും ഒരാളുടെ മരണത്തിന് കാരണമായതും. കഴിഞ്ഞ മാസം 26ന് രാത്രി ആയിരുന്നു സംഘര്‍ഷം ഉണ്ടായത്. വിവാഹ വീട്ടില്‍ എത്തിയവര്‍ റോഡില്‍ കൂട്ടം കൂടി നിന്ന് മാര്‍ഗതടസം സൃഷ്ടിച്ചു. ഇതിനെ പ്രദേശവാസികളായ ചിലര്‍ ചോദ്യം ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് രഞ്ജിത്തിന് തലയ്ക്ക് അടി കിട്ടിയത്. തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് രഞ്ജിത്ത് ചികിത്സയില്‍ ആയിരുന്നു.

വിവാഹത്തിന് എത്തിയ സംഘത്തിലെ ഒരു വിഭാഗം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ രഞ്ജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ചികിത്സയ്ക്കിടെ രഞ്ജിത്ത് മരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വരന്റെ പിതാവായ നെല്‍സണ്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു.

രഞ്ജിത്തിന്റെ മരണത്തിന് കുറ്റക്കാരായവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മൃതദേഹം റോഡില്‍ വച്ച് പ്രതിഷേധിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. രഞ്ജിത്തിന്റെ മരണ ശേഷമാണ് ആരോ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. പോലീസ് ഈ വീഡിയോയും നിരീക്ഷിച്ചു വരികയാണ്.