ഒരാളുടെ മുന്നിലും ഒരു ‘മതേതര’ സര്‍ടിഫിക്കറ്റിന് വേണ്ടി ഞാന്‍ യാചിക്കുകയില്ല’ – മദനി
വിശുദ്ധ തമ്പുരാക്കന്മാരില് ഒരാളുടെ മുന്നില്‍ പോലും ഒരു മതേതര സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരിക്കലും യാചിക്കുകയില്ലെന്ന് അബ്ദുല്‍ നാസര്‍ മദനി. ഫേസ്ബുക്ക് പോസ്റ്റിലാണ് മദനി ഇക്കാര്യം വ്യക്തമാക്കിയത്. മദനിയെ അനുകൂലിക്കുന്ന വിധത്തില്‍ വൈദ്യുതി മന്ത്രി എം എം മണി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കു വച്ച് കൊണ്ടായിരുന്നു മദനി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്.
ഫാസിസം മരണം സമ്മാനിച്ചാലും മതേതര സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഈ വിശുദ്ധ തമ്പുരാക്കന്മാരില് ഒരാളുടെ മുന്നിലും യാചിക്കുകയില്ലെന്നാണ് മദനി ഫേസ്ബുക്കില്‍ കുറിച്ചത്. തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ആനത്തലവട്ടം ആനന്ദന് മറുപടി ആയിട്ടായിരുന്നു എം എം മണിയുടെ പോസ്റ്റ് പങ്കുവച്ചു കൊണ്ട് മദനി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കു വച്ചത്. മദനി നിരപരാധിയാണെന്നും അദ്ദേഹത്തെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രി എം എം മണി പൊലീസ് സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. എം എം മണിയുടെ ഈ പ്രസംഗം പങ്കുവച്ചു കൊണ്ടാണ് മദനി തന്റെ നിലപാട് വ്യക്തമാക്കിയത്.
മദനിയുടെ ഫേസ്ബുക് പോസ്റ്റ് :
‘ഒരാള്‍ ഇങ്ങനെ പറയുന്നു അതും പോലീസ് ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍! മറ്റൊരാള്‍ ‘ആന’ വായ കൊണ്ട് ‘കയ്യും കാലും തല്ലിയൊടിച്ചു’ എന്നു വീമ്പിളക്കുന്നു. ഇനി, ആരെയും ഒരിക്കലും ഒരുപദ്രവവും ഏല്പിച്ചിട്ടില്ലാത്ത പശു മാര്‍ക്ക് സമാധാനവാദികള്‍ പുലമ്പുന്നത് ‘അറുതീവ്രവാദി’ യാണെന്ന്….
എന്തായാലും ഈ ‘വിശുദ്ധ’ തമ്പുരാക്കന്മാരില് ഒരാളുടെ മുന്നിലും ഒരു ‘മതേതര’ സര്‍ടിഫിക്കറ്റിന് വേണ്ടി ഒരിക്കലും ഞാന്‍ യാചിക്കുകയില്ല, ഇവിടുന്നു ഫാസിസം സമ്മാനിക്കുന്നത് മരണമാണെങ്കില്‍ പോലും…
ഉറപ്പ്!
ഇന്‍ഷാഅല്ലാഹ്……’