മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇനി 50 രൂപ ഫൈന്‍ അടച്ചാല്‍ പോരാ ; 75,000 രൂപ പിഴയും ; അഞ്ച് വര്‍ഷത്തെ കഠിനതടവും

മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊല്ലപ്പെടുത്തുകയോ ചെയ്താല്‍ 50 രൂപ പിഴ അടച്ചു രക്ഷപ്പെടാം എന്ന് കരുതണ്ട. മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരത തടയുന്ന അറുപതു വര്‍ഷം പഴക്കമുള്ള നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ കരടു നിയമ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഒരു മൃഗത്തിന്റെ മരണത്തിന് കാരണമായാല്‍ 75,000 രൂപയോ അല്ലെങ്കില്‍ മൃഗത്തിന്റെ വിലയുടെ മൂന്നിരട്ടിയോ പിഴയും, കൂടാതെ, അഞ്ച് വര്‍ഷം കഠിന തടവും അല്ലെങ്കില്‍ ഇവ രണ്ടും അനുഭവിക്കേണ്ടതായി വരും.

പുതിയ കരടു നിയമ പ്രകാരം അതിക്രമങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു: നിസ്സാരമായ മുറിവ്, സ്ഥിര വൈകല്യത്തിന് കാരണമായ മുറിവ്, ക്രൂരമായ മര്‍ദ്ദനം കാരണം കൊല്ലപ്പെടല്‍. മേല്‍പറഞ്ഞ ഓരോരോ അതിക്രമങ്ങള്‍ക്കും 750 മുതല്‍ 75000 രൂപ വരെ പിഴയും കൂടാതെ അഞ്ചു വര്‍ഷം കഠിന തടവും ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചിരിക്കുന്നു. ഇപ്പോള്‍ നില നില്‍ക്കുന്ന നിയമപ്രകാരം ഒരു മൃഗത്തെ അടിക്കുക, തൊഴിക്കുക, പീഡിപ്പിക്കുക, പട്ടിണിക്കിടുക, അമിത ഭാരം എടുപ്പിക്കുക, അമിതമായി സവാരിക്ക് ഉപയോഗിക്കുക, അംഗഛേദം ഇവ ഏതെങ്കിലും ചെയ്യുക വഴി 10 മുതല്‍ 50 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്. ഈ നിയമത്തില്‍ അതിക്രമണങ്ങളെ വിവിധങ്ങളായി തരം തിരിച്ചിട്ടില്ല. നിലവിലെ നിയമപ്രകാരം ഒരു മൃഗത്തെ നിര്‍വചിച്ചത് മനുഷ്യന്‍ ഉള്‍പ്പെടാത്ത ജീവികള്‍ എന്നാണ്.

വെള്ളിയാഴ്ച രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മത്സ്യബന്ധന മൃഗ വളര്‍ത്തു കാര്യ മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞത് ഇങ്ങനെ, ‘കര്‍ശനമായ പിഴയോട് കൂടി PCA, 1960 ഭേദഗതി ചെയ്യുന്നതിന്റെ ആവശ്യകത സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. പിഴ വര്‍ദ്ധനവും ശിക്ഷ നടപടികളും ഉള്‍പ്പെടുത്തിയാണ് ഇത് ഭേദഗതി ചെയ്തിട്ടുള്ളത്’.എന്നാല്‍, മന്ത്രി പിഴയെ കുറിച്ചോ ഏത് തരം ശിക്ഷ ആണെന്നോ വിശദീകരിച്ചില്ല. കഴിഞ്ഞ വര്‍ഷം സൈലന്റ് വാലി ഫോറസ്റ്റില്‍ വച്ച് കൈതച്ചക്കയില്‍ ഗുരുതരമായ പടക്കം വച്ച് ആനയുടെ വായില്‍ പൊള്ളലേല്‍ക്കുകയും അത് മൂലം ആന ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ ചൂണ്ടിക്കാട്ടി രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖര്‍ ആണ് ചോദ്യം ഉന്നയിച്ചത്.

പുതിയ കരടു നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി പൊതുജന സമക്ഷം സമര്‍പ്പിക്കുകയും, വിദഗ്ധ അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യും. അവ വിലയിരുത്തിയ ശേഷമായിരിക്കും നിയമം പ്രാബാല്യത്തില്‍ വരുത്തുക. നിലവില്‍, രാജ്യത്ത് 316 മൃഗങ്ങള്‍ക്കെതിരെ ക്രൂരത കാണിച്ച കേസുകള്‍ നില നില്‍ക്കുന്നുണ്ടെന്നും രാജ്യസഭയെ മന്ത്രി അറിയിച്ചു. ഇതില്‍ 64 കേസുകള്‍ സുപ്രീം കോടതിയിലും 38 കേസുകള്‍ ഡല്‍ഹി ഹോക്കോടതിയിലും പെന്റിംഗ് ആണ്. മഹാരാഷ്ട്രയിലും തമിഴ് നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയത്. കേരളത്തിലും അടുത്ത കാലത്തായി മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. അതുകൊണ്ടു തന്നെ ഇത്തരം നിയമങ്ങള്‍ അത്യാവശ്യമാണ് എന്ന നിലപാടാണ് പലര്‍ക്കും.