ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ; നാലു സംസ്ഥാനങ്ങള്‍ കൂടി പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി

കേന്ദ്ര സാമ്പത്തിക മന്ത്രാലയം നിര്‍ദ്ദേശിച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നിര്‍ദ്ദേശങ്ങള്‍ നാലു സംസ്ഥാനങ്ങള്‍ കൂടി നടപ്പാക്കി. പുതിയ നീക്കം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക വിഭവങ്ങള്‍ സ്വരുക്കൂട്ടാനും ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് വഴി 5,034 കോടി രൂപം അധികം സമാഹരിക്കാനുമുള്ള അനുമതി ലഭിക്കും.ആസാം, ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് പുതിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ ഏറ്റെടുത്തത്.
നിലവില്‍ പന്ത്രണ്ട് സംസ്ഥാനങ്ങള്‍ക്ക് പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

മുമ്പ് ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാ9, തമിഴ്‌നാട്, തെലങ്കാന എന്നീ സംസഥാനങ്ങളാണ് കേന്ദ്ര വ്യവസായ, അഭ്യന്തര വ്യാപാര പ്രോത്സാഹന മന്ത്രാലയം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായിരുന്നത്. ഈ പദ്ധതിയുടെ ഭാഗമായതിനെ തുടര്‍ന്ന് മേല്‍ പറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് 28,183 രൂപ അധികം കടമെടുക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

ഇതുവരെ, 17 സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാലു പരിഷ്‌ക്കാരങ്ങളില്‍ കുറഞ്ഞത് ഒന്നെങ്കിലും നടപ്പാക്കിയിട്ടുണ്ട്. 12 സംസ്ഥാനങ്ങള്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നടപ്പാക്കിയപ്പോള്‍, പന്ത്രണ്ട് സംസ്ഥാനങ്ങള്‍ ഈസ് ഓഫ് ഡൂയിംഗ് പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി. അഞ്ച് സംസ്ഥാനങ്ങള്‍ ലോക്കല്‍ ബോഡി പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ രണ്ട് സംസ്ഥാനങ്ങള്‍ വൈദ്യുതി രംഗത്തെ മാറ്റങ്ങള്‍ നടത്തുമെന്ന് അറിയിച്ചു. മൊത്തത്തില്‍, 74,773 രൂപയുടെ അധിക വായ്പാ പദ്ധതിയാണ് ഇത്.

രാജ്യത്ത് നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പദ്ധതി പ്രകാരം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ദ്രുതഗതിയിലാവുമെന്നും കേന്ദ്ര സാമ്പത്തിക മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയിലാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്‌കാരം വ്യവസ്ഥകളോട് യോജിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമേ കൂടുതല്‍ വായ്പ എടുക്കാന്‍ അനുമതി ഉണ്ടാവുകയുള്ളൂ എന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തത്.