കര്‍ഷകരുടെ വഴിതടയല്‍ സമരം അവസാനിച്ചു
കര്‍ഷകര്‍ ആഹ്വാനം ചെയ്ത ചക്കാ ജാം (വഴിതടയല്‍) സമരം അവസാനിച്ചു. സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ദേശീയ – സംസ്ഥാന പാതകള്‍ കര്‍ഷകര്‍ തടഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെയാണ് കര്‍ഷകര്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞത്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മൂന്നു മണിക്കൂറോളം വാഹനങ്ങള്‍ തടഞ്ഞു. രാജ്യവ്യാപകമായി നടത്തുന്ന റോഡ് ഉപരോധത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ‘അന്നദാതാകളുടെ സമാധാനപരമായ സത്യാഗ്രഹം ദേശീയ താല്‍പ്പര്യത്തിന് വേണ്ടിയാണ് .ഈ മൂന്ന് നിയമങ്ങളും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമല്ല, ജനങ്ങള്‍ക്കും രാജ്യത്തിനും ദോഷകരമാണ്. പൂര്‍ണ്ണ പിന്തുണ!’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
40 കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത് കിസാന്‍ മോര്‍ച്ചയാണ് ‘ചക്ക ജാം’ സമരത്തിന് ആഹ്വാനം നല്‍കിയത്. അതേസമയം കര്‍ശന സുരക്ഷയാണ് ഡല്‍ഹി പോലീസ് എല്ലായിടത്തും എര്‍പ്പെടുത്തിയിരിക്കുന്നത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതെ നോക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശം പോലീസിന് നല്‍കിയിട്ടുണ്ട്. ഗതാ?ഗത സ്തംഭനത്തിന് മുന്‍പായി ബാംഗ്‌ളൂരും ഡല്‍ഹിയിലും നേതാക്കളെ കരുതല്‍ തടങ്കലിലും ആക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ 30 ഓളം നേതാക്കളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ രംഗത്തെത്തി സംഘര്‍ഷം സൃഷ്ടിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സമരത്തെ തുടര്‍ന്ന് ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി .ജനുവരി 26 ലെ അക്രമങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹി പോലീസ് കനത്ത ജാഗ്രതയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് ഡല്‍ഹി മെട്രോക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ 12 മെട്രോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെടാമെന്നും ഇതിനായി തയ്യാറാകണമെന്നും ഡിസിപി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.