ഭാര്യ രാജിവെക്കില്ലെന്ന് എം.ബി രാജേഷ് ; വിവാദങ്ങള്‍ക്ക് പിന്നില്‍ മൂന്ന് പേര്‍

സമ്മര്‍ദങ്ങക്ക് വഴങ്ങി തന്റെ ഭാര്യ നിനിത രാജിവെക്കില്ലെന്നു എം.ബി രാജേഷ്. കാലടി സര്‍വകലാശാലയിലെ ഭാര്യയുടെ നിയമനം രാഷ്ട്രീയവല്‍ക്കരിച്ചെന്നും രാജേഷ് പറയുന്നു.
തെരഞ്ഞെടുപ്പായതിനാല്‍ പ്രതിപക്ഷം കിട്ടുന്നതെന്തും ഉപയോഗിക്കുകയാണ്.മൂന്ന് പേരുടെ വ്യക്തി താത്പര്യമാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. ചിലര്‍ വിളിച്ച് നിയമനത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദം ചെലുത്തിയെന്നും എം. ബി രാജേഷ് പറഞ്ഞു.

നിയമന ഉത്തരവ് ലഭിച്ചയാള്‍ക്കെതിരെ മൂന്ന് തലത്തിലുള്ള ഉപജാപം നടത്തി. കൂടിയാലോചിച്ച് ഒരാള്‍ക്ക് മാര്‍ക്ക് കൊടുത്തുവെന്ന് ഇന്റര്‍വ്യൂ ബോര്‍ഡ് തന്നെ പറഞ്ഞു. ജോലിക്ക് കയറരുതെന്നാവശ്യപ്പെട്ട് നിനിതക്ക് മേല്‍ സമ്മര്‍ദം ചെലുത്തി. ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവരുടെ കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് നിനിത നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിനിത ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് വിഷയ വിദഗ്ധര്‍ വിസിക്ക് കത്തയച്ചതെന്നും. ഇത്തരം ഭീഷണിക്ക് കീഴടങ്ങണമായിരുന്നോയെന്നും രാജേഷ് ചോദിച്ചു.

സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. അതുകൊണ്ടാണ് ജോലിക്ക് പ്രവേശിച്ചത്. ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ ഭാര്യയെ അയോ?ഗ്യയാക്കാന്‍ നീക്കം നടന്നു. ഇന്റര്‍വ്യൂവില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ ഭീഷണിപ്പെടുത്തി. ആദ്യം നിനിതയുടെ പിഎച്ച്ഡിക്കെതിരെയായിരുന്നു പരാതി. അത് തള്ളിപ്പോയി. നിയമനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിളിച്ചവര്‍ തങ്ങള്‍ മാധ്യമളെ സമീപിക്കുമെന്ന് അറിയിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പേരുടേയും വിഷയം രാഷ്ട്രീയമല്ല. അവര്‍ക്കിഷ്ടപ്പെട്ട ഒരാളെ നിയമിക്കുക എന്നതായിരുന്നു പരാതിക്ക് പിന്നില്‍. ഭീഷണിക്ക് മുന്‍പില്‍ വഴങ്ങില്ലെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

നിനിത പിന്‍വാങ്ങിയാല്‍ അതിന്റെ ഗുണം ആര്‍ക്കാണ് കിട്ടുകയെന്ന് അന്വേഷിച്ചാല്‍ മതി. 80 പേര്‍ നല്‍കിയ അപേക്ഷയില്‍ നിന്നാണ് നിനിതയെ തെരഞ്ഞെടുത്ത്. ഒപ്പം ജോലി ചെയ്യുന്ന ആളുടെ സഹപ്രവര്‍ത്തകന്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായത് എങ്ങനെയാണെന്നും യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.