പെരിയ ഇരട്ടക്കൊലപാതകം ; സി.ബി.ഐ സംഘം സി.പി.എം ഓഫീസില്‍

പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജ്ജിതമാക്കി. സി.ബി.ഐ സംഘം സി.പി.എം. ഉദുമ ഏരിയ കമ്മിറ്റി ഓഫിസിലും, പള്ളിക്കര വെളുത്തോളിയിലും പരിശോധന നടത്തി. കേസിലെ പതിനാലാം പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനില്‍ നിന്നും സംഘം മൊഴി രേഖപ്പെടുത്തി.

നാലുപ്രതികള്‍ കൃത്യത്തിനുശേഷം ഏരിയ കമ്മിറ്റി ഓഫിസിലായിരുന്നു താമസിച്ചിരുന്നത്. ഓഫിസ് സെക്രട്ടറിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഐ ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല നടന്നദിവസം പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ പള്ളിക്കര വെളുത്തോളിയിലും സംഘം പരിശോധന നടത്തി. കൊലപാതകം നടന്ന ദിവസം പ്രതികള്‍ വെളുത്തോളിയിലാണ്താമസിച്ചത്. പ്രതികള്‍ സഞ്ചരിച്ച വാഹനവും ഇവിടെ ഉപേക്ഷിച്ചിരുന്നു.

ഡിസംബര്‍ അവസാനവാരത്തില്‍ പെരിയ യിലെത്തിയ സിബിഐ സംഘം കൊലപാതകം പുനരാവിഷ്‌കരിച്ചിരുന്നു. ഇതിന് ശേഷം തിരിച്ചു പോയ സംഘം കഴിഞ്ഞ മാസത്തില്‍ തിരിച്ചെത്തി. കേസന്വേഷിക്കുന്ന സിബിഐ സംഘത്തിന് കാസര്‍ഗോഡ് പുലിക്കുന്നിലെ റസ്റ്റ്ഹൗസില്‍ സര്‍ക്കാര്‍ മുറി അനുവദിച്ചിരുന്നു. ഇവിടെ കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം നടക്കുന്നത്.

നേരത്തെ കേസ ന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘം ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്‍, ഡി വൈ എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറിയും, ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ തുടങ്ങിയവരെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബര്‍ 19 നാണ് പെരിയ ഇരട്ട കൊലപാതക കേസിന്റെ അന്വേഷണം സുപ്രീം കോടതി സി.ബി.ഐക്ക് കൈമാറിയത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.