നിയമസഭ തെരഞ്ഞെടുപ്പ് ; ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് ; മറുപടിയുമായി എല്‍ ഡി എഫ്
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമാകുന്നു. തെരഞ്ഞെടുപ്പില്‍ ശബരിമല ബ്രഹ്മാസ്ത്രമാക്കുവാനാണ് യു ഡി എഫ് തീരുമാനം. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു ഡി എഫ് പുറത്തു വിട്ടു. നിയമത്തിന്റെ കരട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എയാണ് പരസ്യപ്പെടുത്തിയത്.
ശബരിമലയില്‍ പ്രവേശന നിയന്ത്രണം തന്ത്രിയുടെ അനുമതിയോടെ മതിയെന്നാണ് യു ഡി എഫ് തയ്യാറാക്കിയ കരടിലുള്ളത്. ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് യു ഡി എഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയത്തില്‍ നിലപാട് ശക്തമാക്കിയിരിക്കുകയാണ് യു ഡി എഫ്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
അതേസമയം വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വീണ്ടും ശബരിമല ഉയര്‍ത്തിക്കാട്ടുന്നതെന്നും മന്ത്രി. ഇത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റി പരാജയപ്പെട്ടിരുന്നു. കോടതി വിധി വന്ന ശേഷം ജനങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.
എന്നാല്‍ ശബരിമല നിയമനിര്‍മാണ വിഷയത്തില്‍ സി.പി.എമ്മിന് അവ്യക്തതയില്ല എന്നാണ് എ.വിജയരാഘവന്‍ പ്രതികരിച്ചത്. കോടതി വിധിക്കനുസരിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് ജനങ്ങളെ പറ്റിക്കുകയാണ്. ഏത് ഭരണഘടന അനുസരിച്ചാണ് കോണ്‍ഗ്രസ് നിയമമുണ്ടാക്കുകയെന്നും വിജയരാഘവന്‍ ചോദിച്ചു. യു.ഡി.എഫ് പുറത്ത് വിട്ട കരട് നിയമം നടപ്പാക്കാനാകില്ലെന്നും നാട്ടുകാരെ പറ്റിച്ച് ഉപജീവനം നടത്തുകയാണ് യു.ഡി.എഫെന്നും അദ്ദേഹം പറഞ്ഞു.