ലൈംഗികബന്ധം സമ്മതത്തോടെയെന്ന് 15കാരി ; പത്തൊമ്പതുകാരനെ കോടതി വെറുതെ വിട്ടു
പരസ്പ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നത് എന്ന് 15കാരി വ്യക്തമാക്കിയതോടെ പത്തൊമ്പതുകാരനെ പോക്‌സോ കേസില്‍ കോടതി കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയാണ് വ്യത്യസ്തമായ ഈ വിധി പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ശിക്ഷ താല്‍ക്കാലികമായി സ്റ്റേ ചെയ്തുകൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ലൈം?ഗിക ബന്ധത്തിലേര്‍പ്പെട്ടത് സമ്മതത്തോടെയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് ശിക്ഷ റദ്ദാക്കിയത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതില്‍ പോക്‌സോ നിയമം നിര്‍ണായകമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമായി തുടരുന്നുവെന്നും കോടതി പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ളവരെ കുട്ടികളായാണു നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണു കാമുകന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞാല്‍ നിയമത്തിന്റെ കണ്ണില്‍ സാധുതയില്ല.
നേരത്തേ എഫ് ഐ ആറില്‍ പെണ്‍കുട്ടി നല്‍കിയ മൊഴി മാറ്റിയതും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി വ്യക്തമാക്കുന്നത്. തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണു പെണ്‍കുട്ടിയുടെ പുതിയ മൊഴി. കീഴ്‌ക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വിചാരണ തുടരും. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു.
അടുത്തിടെ പോക്‌സോ കേസുകളില്‍ ബോംബെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളും വിധിന്യായങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍വെച്ച് പാന്റിന്റെ സിബ് അഴിക്കുന്നതും കൈയില്‍ പിടിക്കുന്നതും ലൈംഗിക അതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബഞ്ച് വ്യക്തമാക്കിയിരുന്നു. അഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട അമ്പതുകാരന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ്, ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബെഞ്ച് വിധി.