ശബരിമല ; മുഖ്യമന്ത്രി ആര്‍ക്കൊപ്പം എന്ന് വ്യക്തമാക്കണം’; രമേശ് ചെന്നിത്തല
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ തങ്ങളുടെ അഴകൊഴമ്പന്‍ നിലപാട് മാറ്റി വിശ്വാസികളോടൊപ്പമാണോ അല്ലയോ എന്ന് വ്യക്തമായി പറയുകയാണ് വേണ്ടത്. നവോത്ഥാന നായകന്റെ ചമയങ്ങളും പൊയ്മുഖവും അഴിച്ചുവച്ച് നിലപാട് വ്യക്തമാക്കാന്‍ മുഖമന്ത്രി തയ്യാറാകണം. ശബരിമല വിധി വന്നപ്പോള്‍ എല്ലാവരുമായി ചര്‍ച്ചയ്ക്കു തയാറാകാതെ റിവ്യു പെറ്റീഷനില്‍ വിധി വന്നാല്‍ ചര്‍ച്ചയാകാമെന്ന നിലപാട് വിശ്വാസ സമൂഹത്തെ വഞ്ചിക്കലാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റിപ്പോയെന്ന് പരസ്യമായി പറയാനും മാപ്പ് ചോദിക്കാനും സി.പി.എം. സംസ്ഥാന സെക്രട്ടറി വിജയ രാഘവന്‍ തയ്യാറാണോ? സുപ്രിം കോടതി വിധി വന്നപ്പോള്‍ ബന്ധപ്പെട്ടവരുമായി അത് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ അതിനു തയാറായില്ല. ശബരിമലയുമായി ബന്ധപ്പെട്ടുള്ള യു.ഡി.എഫിന്റെ കരട് ബില്ലില്‍ കൂട്ടായ ചര്‍ച്ചക്ക് ശേഷം അന്തിമ തിരുമാനം എടുക്കൂവമെന്നും ചെന്നിത്തല പറഞ്ഞു.
പിന്‍വാതില്‍ നിയമനം വഴി മൂന്ന് ലക്ഷത്തിലധികം പേരെ താല്‍ക്കാലികമായി നിയമിച്ചു. ഇത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ചെറുപ്പക്കാരുടെ പ്രതീക്ഷകളെ മുഴുവന്‍ തല്ലിക്കെടുത്തി പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പിന്‍വാതില്‍ നിയമനം നടത്തുന്ന നാണംകെട്ട പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. കാലടി അധ്യാപക നിയമനത്തില്‍ ഗൂഢാലോചന നടത്തിയത് ആരാണെന്ന് എം.ബി.രാജേഷ് വ്യക്തമാക്കണം. വെളിപ്പെടുത്തല്‍ നടത്തിയ അധ്യാപകനെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്. ജോലിസാധ്യത കണ്ടുകൊണ്ടാണ് ഡിവൈഎഫ്‌ഐ പ്രതികരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ആരുമറിയാതെ ഏഴ് പേരെ നിയമിക്കാനുള്ള തിരുമാനം ഞെട്ടിപ്പിക്കുന്നതാണ്. അധികാരത്തില്‍ വന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി 25 പേര്‍ മാത്രമെ ഉണ്ടാകൂവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോള്‍ മുപ്പത്തേഴാക്കി. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മന്ത്രമാര്‍ക്കും മുപ്പത് പേര്‍ വേണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് മാത്രം 37 പേര്‍ എന്നത് അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്.