ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം ; മരണം 26 ആയി ; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ഉത്തരാഖണ്ഡ്ല്‍ ഉണ്ടായ മിന്നല്‍ പ്രളത്തില്‍ മരണം 26 ആയി. കാണാതായ 203 പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. അപകട കാരണം ഗ്ലോഫ് ആണെന്നാണ് ഡിആര്‍ഡിഒ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തരാഖണ്ഡ് എംപിമാരെ കണ്ടു. ചെങ്കുത്തായ പ്രദേശമായതും മന്ദാഗിനി നദിയിലെ ജന നിരപ്പ് താഴാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. ഋഷിഗംഗ, എന്‍ടിപിസി വൈദ്യുത പദ്ധതികള്‍ക്ക് സമീപമാണ് രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുന്നത്. തപോവനിലെ രണ്ടര കിലോ മീറ്റര്‍ നീളമുള്ള ടണലില്‍ കുടുങ്ങിയ 40 പേരെ രക്ഷിക്കാനായിട്ടില്ല. ടണലിന്റെ 200 മീറ്ററോളം നിലവില്‍ വൃത്തിയാക്കി.

അപകടം കാരണം കണ്ടെത്താന്‍ ചമോലിയില്‍ എത്തിയ ഡിആര്‍ഡിഒ സംഘം വ്യോമനിരീക്ഷണം നടത്തി. ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവര്‍ത്തനത്തിനും തുടര്‍നീക്കങ്ങള്‍ക്ക് തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭയും ഇന്ത്യക്കൊപ്പമുണ്ടെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രിയും പ്രതികരിച്ചു. പാലങ്ങളും റോഡുകളും തകര്‍ന്നതിനാല്‍ 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അളകനന്ദ, ദൌലി ഗംഗ നദികളുടെ കരകളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാല്‍ ചമോലിയില്‍ എത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. ചമോലിയില്‍ അടുത്ത രണ്ട് ദിവസം മെച്ചപ്പെട്ട കാലാവസ്ഥ ലഭിക്കുന്ന അറിയിപ്പ് ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതിലാക്കാന്‍ ആകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.