സ്റ്റാന്‍ഡില്‍ കിടന്ന കെ എസ് ആര്‍ ടി സി ബസ് മോഷണം പോയി ; 26 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി
കൊട്ടാരക്കര : ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് കാണാതെ പോയി. ആര്‍ എ സി 354 എന്ന വേണാട് ഓര്‍ഡിനറി ബസാണ് ഇന്നു രാവിലെ മുതല്‍ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയില്‍ റോഡ് സൈഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് സമീപം ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബസ്. ഇന്ന് രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് മനസിലായത്. മറ്റേതെങ്കിലും ഡ്രൈവര്‍ ബസ് മാറിയെടുത്തത് ആയിരിക്കാമെന്ന് കരുതി ഡിപ്പോയില്‍ അറിയിച്ചു. തുടര്‍ന്ന് ഡിപ്പോയില്‍ നിന്ന് ബസുമായി പോയ എല്ലാ ഡ്രൈവര്‍മാരേയും വിളിച്ചു. ആരും ബസ് എടുത്തില്ലെന്ന് വ്യക്തമാക്കിയതോടെ ഡിപ്പോ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സാമൂഹ്യവിരുദ്ധരോ, പ്രൈവറ്റ് ബസ് ജീവനക്കാരോ ആയിരിക്കാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു. കൊട്ടാരക്കര ഡിപ്പോയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവര്‍ പറഞ്ഞു. സ്ഥലക്കുറവ് കാരണം സര്‍വീസ് പൂര്‍ത്തിയാക്കി എത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ രാത്രിയില്‍ ദേശീയപാതയുടെ വശങ്ങളിലാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസാണ് തട്ടിക്കൊണ്ടുപോയത്.