മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസെടുക്കണം എന്ന് അഭിഭാഷക

ഷര്‍ട്ട് ഇടാതെ സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്ത സിനിമാ താരം പൃഥ്വിരാജിനെതിരെ കേസെടുക്കണം എന്ന ആവശ്യവുമായി അഭിഭാഷക രംഗത്. രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെ കൊണ്ട് ഉടലില്‍ പെയിന്റ് ചെയ്യിച്ചപ്പോള്‍ സദാചാരം തകര്‍ന്നവര്‍ ഒരു സംശയം തീര്‍ത്തു തരണമെന്ന ആവശ്യവുമായി ആണ് അഭിഭാഷകയായ രശ്മിത രാമചന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തതെന്നും രശ്മിത ചോദിക്കുന്നു.

പൃഥ്വിരാജ് സുകുമാരന്‍ എന്ന സുന്ദരനായ നടന്‍ സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്‍ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി. അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതുവിടത്തില്‍ ഒരുപാടു സ്ത്രീകളില്‍ പുരുഷന്മാരില്‍ ഭിന്ന ലൈംഗിക താത്പര്യക്കാരില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ടെന്ന് പോസ്റ്റില്‍ രശ്മിത പറയുന്നു. രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും കേരളത്തിലെ ഉത്സാഹമുള്ള പൊലീസ് കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. അതേസമയം വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കൊണ്ട് കമന്റ് ബോക്‌സില്‍ ആയിരങ്ങള്‍ ആണ് മറുപടി നല്‍കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലില്‍ പെയിന്റ് ചെയ്യിച്ചപ്പോള്‍ സദാചാരം തകര്‍ന്ന സകല മനുഷ്യരും ഏജന്‍സികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീര്‍ത്തു തരണം.

നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടില്‍ എന്തുകൊണ്ടാണ് മുലക്കണ്ണുകള്‍ കാട്ടി നില്‍ക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്?

പൃഥ്വിരാജ് സുകുമാരന്‍ എന്ന സുന്ദരനായ നടന്‍ സ്വന്തം മുലക്കണ്ണുകള്‍ കാണിച്ചു നില്‍ക്കുന്ന ചിത്രം പൊതുവിടത്തില്‍ പ്രകാശിതമായിട്ട് രണ്ടു ദിവസങ്ങളായി! അതീവ സുന്ദരനും യൂത്ത് ഐക്കണും പ്രഗത്ഭ നടനുമായ ഇദ്ദേഹത്തിന്റെ കാമോദ്ദീപകമായ ഈ ചിത്രം പൊതു വിടത്തില്‍ ഒരുപാടു സ്ത്രീകളില്‍ / പുരുഷന്മാരില്‍/ ഭിന്ന ലൈംഗിക താത്പര്യക്കാരില്‍ ലൈംഗിക വികാരം ഉണര്‍ത്തുവാനുള്ള സാധ്യതയുണ്ട്. പെയ്ന്റു കൊണ്ടു മറച്ച മുലയിടം പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്‌നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണ്.

ധനാഢ്യതയിലും ലോക പരിചയത്തിലും വന്‍ സ്വാധീനവും ആള്‍ബലവുമുള്ള ആളുകളുടെ സമ്പത്തിലും രഹ്ന ഫാത്തിമയേക്കാള്‍ ഒരുപാടു മുകളില്‍ നില്‍ക്കുന്ന പൃഥ്വിരാജ് ജാമ്യം കൊടുത്താല്‍ നാടു വിടാനുള്ള സാധ്യതയും രഹ്ന ഫാത്തിമയേക്കാള്‍ അധികമാണെന്ന കാര്യം ബഹുമാനപ്പെട്ട കോടതിയും പരിഗണിയ്ക്കണം. കേരളത്തിലെ ഉത്സാഹമുള്ള പോലീസ് ഈ നഗ്‌ന ചിത്രത്തിന് കാരണമായവര്‍ക്കെതിരെ – രഹ്നാ ഫാത്തിമയുടെ നഗ്‌നതയ്ക്കെതിരെ കേസെടുത്ത ഉത്സാഹത്തോടെ പൃഥ്വിരാജ് സുകുമാരനെതിരെയും – കേസെടുത്ത് സ്വന്തം നിക്ഷ്പക്ഷതയും നീതിബോധവും തെളിയിയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെ….’