പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിയെ കാമുകിയുടെ വീട്ടില്‍ നിന്ന് പിടികൂടി

പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിയെ കാമുകിയുടെ വീട്ടില്‍ നിന്നും പിടികൂടി. പേരാമ്പ്ര സ്വദേശി സറീഷി(21)നെയാണ് കാമുകിയുടെ പൊന്നാനിയിലുള്ള വീട്ടില്‍ നിന്ന് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. സറീഷ് കാമുകിയുടെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പൊന്നാനിക്ക് തിരിച്ചത്.

ആള്‍ട്ടോ കാറില്‍ കഞ്ചാവ് കടത്തുന്നതിനിടയില്‍ 4200 ഗ്രാം കഞ്ചാവുമായി ബാലുശ്ശേരി ടൗണിന് അടുത്തു വെച്ചാണ് പൊലീസ് സറീഷിനെയും കൂട്ടുപ്രതി ഹര്‍ഷാദിനെയും നാലു ദിവസം മുമ്പ് പിടി കൂടിയത്. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്ട്രറ്റിന്റെ മുന്നില്‍ ഹാജരാക്കുന്നതിനായി പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നിര്‍ത്തിയപ്പോഴാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്.

ഹര്‍ഷാദിനെ പിടി കൂടിയെങ്കിലും പൊലീസുകാരനെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട സറീഷിനു വേണ്ടി നാലു ദിവസമായി ബാലുശ്ശേരി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. സറീഷിന്റെ കാമുകി പൊന്നാനിയില്‍ ഉണ്ടെന്ന് മനസ്സിലാക്കിയാണ് പൊലീസ് അങ്ങോട്ടേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. പൊന്നാനി പൊലീസിന്റെ സഹായത്തോടെ ആയിരുന്നു അറസ്റ്റ്. പൊന്നാനിയില്‍ നിന്ന് ബാലുശ്ശേരിയില്‍ കൊണ്ടു വന്ന പ്രതിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

തുടര്‍ന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഞ്ചാവ് കേസ് കടത്തിയ കേസ് കൂടാതെ പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് ഓടി രക്ഷപ്പെട്ടതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താമരശ്ശേരി ഡി വൈ എസ് പി ഇ പി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍പ്പെട്ട എസ് ഐ മധു, എ എസ് ഐ മാരായ പൃഥ്വിരാജ്, സജീവന്‍, റഷീദ് ഡ്രൈവര്‍ ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് പിടി കൂടിയത്.