മുഖം രക്ഷിക്കാന്‍ നെട്ടോട്ടം ; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമന വിവരങ്ങള്‍ പുറത്തുവിടാന്‍ പിണറായിയുടെ നിര്‍ദ്ദേശം

പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാരിന് കുരുക്കായി മാറുന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമന വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ഓരോ വകുപ്പുകളിലെയും നിയമനത്തിന്റെ വിവരങ്ങളാണ് മുഖ്യമന്ത്രി തേടിയിരിക്കുന്നത്. പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ സംബന്ധിച്ചും മുഖ്യമന്ത്രി വിവരങ്ങള്‍ ആരാഞ്ഞു.

നിയമനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായാണ് സര്‍ക്കാര്‍ നിയമനങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. അതേസമയം, സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരങ്ങള്‍ തുടരുകയാണ്. ഇതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും ആത്മഹത്യാ ശ്രമം നടത്തി. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ളവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നാല് പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബലം പ്രയോഗിച്ചാണ് ഇവരെ അഗ്‌നിശമന സേന മാറ്റിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. സെക്രട്ടേറിയറ്റിന് മുന്നിലുള്ള കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റാങ്ക് ഹോള്‍ഡേഴ്സ് വസ്തുതകള്‍ മനസിലാക്കി സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകണമെന്നും ഐസക് ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരോട് സര്‍ക്കാറിന് പുച്ഛമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മോദിക്കും ഐസക്കിനും ഒരേ ഭാഷയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ എന്തിനാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇരിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ഇരിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. മന്ത്രിമാരെയും എംഎല്‍എമാരെയും സമീപിച്ച ശേഷമാണ് സമരം ആരംഭിച്ചതെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.