മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സണ്ണി ലിയോണ്‍

പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് നീക്കം.സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്‍. കേസില്‍ ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു.

കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നാണ് നടിയുടെ മൊഴി. 29 ലക്ഷം രൂപയാണ് പരിപാടിക്ക് വേണ്ടി അഡ്വാന്‍സായി വാങ്ങിയത്. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കി. എന്നിട്ടും ചടങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ചടങ്ങു നടക്കുന്നു എങ്കില്‍ പങ്കെടുക്കുവാന്‍ തയ്യാറാണ് എന്നും താരം പറയുന്നു. കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ തിരുവനന്തപുരത്താണ് താരവും കുടുംബവും ഇപ്പോള്‍.