ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫ്രഞ്ച് ഇതിഹാസം ഷീന്‍ ലുക് ഗൊദാര്‍ദിന് വേണ്ടി അടൂര്‍ ഗോപാലകൃഷ്ണന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി.മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ ചടങ്ങില്‍ തെളിയിച്ചു. ഓണ്‍ലൈന്‍ വഴി ചടങ്ങില്‍ പങ്കെടുത്ത് ഗൊദാര്‍ദ് തന്റെ സിനിമകള്‍ പോലെ മറുപടി പ്രസംഗവും വ്യത്യസ്തമാക്കി.
ഉദ്ഘാടന ചിത്രം ക്വോ വാഡിസ് ഐഡ ഉള്‍പ്പടെ 18 സിനിമകളാണ് ആദ്യ ദിന പ്രദര്‍ശിപ്പിച്ചത്. ഇറാനിയന്‍ സംവിധായകന്‍ ബെഹ്മന്‍ തവോസിയുടെ നെയിംസ് ഓഫ് ഫ്ലവേഴ്സാണ് മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ആരംഭിക്കും. റിസര്‍വേഷന് ശേഷം സീറ്റ് നമ്പര്‍ എസ്എംഎസ് ആയി പ്രതിനിധികള്‍ക്ക് ലഭിക്കും. ചരിത്രത്തില്‍ ആദ്യമായി നാല് സ്ഥലങ്ങളില്‍ വെച്ചാണ് മേള നടക്കുന്നത്. കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. ഈ മാസം 17 മുതല്‍ 21 വരെ കൊച്ചിയിലും 23 മുതല്‍ 27 വരെ തലശ്ശേരിയിലുമായി നടക്കുന്ന ചലച്ചിത്രമേളയുടെ സമാപനം പാലക്കാട് നടക്കും.