പസഫിക് സമുദ്രത്തില്‍ ഭൂചലനം ; ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ്

പസഫിക് സമുദ്രത്തില്‍ ഉണ്ടായ ശക്തമായ ഭൂചലനതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള ഏതാനും ദ്വീപ് രാഷ്ട്രങ്ങളില്‍ സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ പസഫിക്കില്‍ രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ മരണമോ സംഭവിച്ചിട്ടില്ല. ന്യൂസിലാന്‍ഡിന് പുറമെ ഫിജി, വാനുവാട്ടു എന്നിവിടങ്ങളിലും മറ്റു പസഫിക് ദ്വീപുകളിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പ്രാദേശിക സമയം വ്യാഴാഴ്ച അര്‍ദ്ധരാത്രി(ഇന്ത്യന്‍ സമയം ബുധന്‍)ന്യൂകാലിഡോണിയയിലെ വാവോയ്ക്ക് കിഴക്ക് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സുനാമി തരംഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആസ്‌ട്രേലിയ, കുക്ക് ഐലന്‍ഡ്‌സ്, അമേരിക്കന്‍ സമോവ തുടങ്ങിയ രാജ്യങ്ങളില്‍ ചെറിയ തിരമാലകള്‍ക്കും സാധ്യതയുണ്ട് എന്നും റിപ്പോര്‍ട്ട് പറയുന്നു.