സണ്ണി ലിയോണിയുടെ അറസ്റ്റ് കേരള ഹൈക്കോടതി തടഞ്ഞു
പ്രമുഖ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കഴിഞ്ഞ ദിവസമാണ് നടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇത് പരിഗണിച്ച കോടതി അറസ്റ്റ് തടയുകയായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ചിന് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. 2016 മുതല്‍ വിവിധ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് അവകാശപ്പെട്ട് 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് സണ്ണിക്കെതിരെ പരാതി നല്‍കിയത്. ഇതനുസരിച്ച് സണ്ണി ലിയോണിയെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നാണ് സണ്ണി ലിയോണി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. അഞ്ചു തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പ്രോഗ്രാം നടത്താനായില്ല. എപ്പോള്‍ ആവശ്യപ്പെട്ടാലും ചടങ്ങില്‍ പങ്കെടുക്കും എന്നായിരുന്നു നടിയുടെ മൊഴി. സംഘാടകരുടെ പിഴവു മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതെന്നും താന്‍ നിരപരാധിയാണെന്ന് ചൂണ്ടികാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഷിയാസിന്റെ പരാതി. സണ്ണി ലിയോണിക്ക് പണം നല്‍കിയതിന്റെ രേഖകളടക്കമാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും സന്നദ്ധയാണെന്നാണ് സണ്ണി ലിയോണി ക്രൈബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.