25 വ്യക്തിത്വങ്ങള്‍ പേറി ജീവിക്കുന്ന അന്യന്‍ ആയ ഒരു പെണ്‍കുട്ടി
വിക്രം നായകനായി സൂപ്പര്‍ ഹിറ്റ് ആയ ഒരു സിനിമയാണ് അന്യന്‍. ഒരാളില്‍ തന്നെ കുടിയിരിക്കുന്ന ധ്വന്ദ വ്യക്തിത്വത്തെ പറ്റിയാണ് ആ സിനിമ സംസാരിച്ചത്. ആ സിനിമ വന്നതിനു ശേഷമാണു ധാരാളം പേര്‍ ഇങ്ങനെ ഒരു അവസ്ഥ മനുഷ്യരില്‍ ഉണ്ട് എന്ന് മനസിലാക്കുന്നത്. ആ സിനിമയില്‍ നായകന്‍ മൂന്ന് വ്യക്തിത്വം ആണ് കാട്ടിയത് എങ്കില്‍ ഒരു വ്യക്തിയില്‍ തന്നെ 25 വ്യക്തിത്വങ്ങളുമായി ജീവിക്കുന്ന ഒരാള്‍ ഉണ്ട് എന്ന് അറിഞ്ഞാലോ. ബോ ഹൂപ്പര്‍ 23 കാരിയായ യുവതിയാണ് അത്.
13 വയസ്സുകാരന്‍ ആണ്‍കുട്ടി, മധ്യവയസ്‌കയായ സ്ത്രീ, കൗമാരക്കാരനായ കുട്ടി, അഞ്ചുവയസ്സുകാരി ഇങ്ങനെ ഒരു പറ്റം മനുഷ്യര്‍ ബോയുടെ ഉള്ളില്‍ കുടിയേറിയിരിക്കുകയാണ്. ഓരോരുത്തര്‍ക്കും ഓരോരോ പേരുകളുണ്ട്. വ്യക്തിത്വങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഏതു തരത്തിലും കയറി വരാം എന്ന് ബോ പറയുന്നു . ഓരോ വ്യക്തിത്വത്തിനും അവരുടേതായ ചില ഇഷ്ടങ്ങളും അനിഷ്ടങ്ങളും സ്വഭാവ ശീലങ്ങളും ഉണ്ട്. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ടഭക്ഷണം ഉണ്ട്, വസ്ത്രങ്ങള്‍ ഉണ്ട് അതുപോലെതന്നെ പങ്കാളികളും. മീന്‍ ഇഷ്ടമുള്ള ഒരാള്‍ മീന്‍ കഴിക്കുമ്പോള്‍ ആയിരിക്കും അത് ഇഷ്ടപ്പെടാത്ത മറ്റൊരു വ്യക്തിത്വത്തിന്റെ കടന്നുവരവ്. ചിലര്‍ നിമിഷങ്ങള്‍ മാത്രം അവളുടെ ഉള്ളില്‍ തങ്ങി നില്‍ക്കുമ്പോള്‍ മറ്റു ചിലര്‍ ദിവസങ്ങളോളം ഉള്ളില്‍ തന്നെ ഉണ്ടാവുംബോയുടെ ഉള്ളില്‍ ജീവിക്കുന്ന ടോസ്റ്റ് എന്ന വ്യക്തിക്ക് ബോയുടെ പങ്കാളി കെയ്സി സഹോദരനെപ്പോലെയാണ്. ക്ലബ്ബില്‍ ചെന്നിരുന്ന് മദ്യപിക്കാനാണു ട്രെയ്സി എന്ന ആളുടെ ഇഷ്ടം.
പലപ്പോഴും താന്‍ ചെയ്യുന്നത് എന്താണ് എന്ന് ഓര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇംഗ്ലണ്ടിലെ പ്ലൈമൗത്ത് എന്ന സ്ഥലത്തു നിന്നുമുള്ള ഈ പെണ്‍കുട്ടി. ഏതെങ്കിലും വേദനാജനകമായ ഒരു അനുഭവത്തില്‍ നിന്നാണ് പലപ്പോഴും വ്യക്തികളുടെ ഉള്ളില്‍ ഈ അവസ്ഥ സൃഷ്ടിക്കപ്പെടുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. അവസ്ഥ നേരിടുന്നതിനു പകരം എങ്ങനെയെങ്കിലും അതിനെ മറികടക്കാനുള്ള ശ്രമം ആയാണ് ഇതിനെ കാണുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആണ് ബോയുടെ വാര്‍ത്തകളും ചിത്രങ്ങളും.