നിലമ്പൂരില്‍ തമിഴ് ദമ്പതികള്‍ വീട്ടില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി
നിലമ്പൂരില്‍ ദമ്പതികള്‍ വീട്ടില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. മതിയായ ഭക്ഷണമില്ലാതെ അവശനിലയിലായ കുട്ടികളുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. സംഭവത്തില്‍ തമിഴ് നാട് സ്വദേശികള്‍ ആയ രക്ഷിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരിന് അടുത്ത് മമ്പാടാണ് സംഭവം. ആറും നാലും വയസുള്ള കുട്ടികളെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഉള്ള വാടക മുറിയില്‍ ആയിരുന്നു പൂട്ടിയിട്ടിരുന്നത്. രാവിലെ ജോലിക്ക് പോകുമ്പോള്‍ ഇവര്‍ മുറി പൂട്ടിയിടും. വൈകുന്നേരം തിരികെ വരുമ്പോള്‍ ആണ് മുറി ആണ് തുറക്കുക. ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി ആണ് കുട്ടികളെ പൂട്ടിയിട്ട് പോകുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ക്രൂരത അറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും രക്ഷപ്പെടുത്തുമ്പോള്‍ അതീവ അവശനിലയില്‍ ആയിരുന്നു കുട്ടികള്‍. ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിതരായിരുന്നു. കുട്ടികളെ പൂട്ടിയിട്ട ശേഷമാണ് രക്ഷിതാക്കള്‍ ജോലിക്ക് പോയിരുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി വരുന്ന രക്ഷിതാക്കള്‍ പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടാറില്ല എന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
അച്ഛന്‍ തങ്കരാജും രണ്ടാനമ്മ മാരിയമ്മുവും ക്രൂരമായി മര്‍ദ്ദിച്ചതിന്റെ അടയാളങ്ങള്‍ കുട്ടികളുടെ ശരീരത്തില്‍ ഉണ്ട്. ആറ് വയസുകാരിയുടെ കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം നീര് വന്നിട്ടുണ്ട്. തലയ്‌ക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ആണ് ഈ അവസ്ഥ എന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ശരീരത്തില്‍ നിറയെ മുറിവുകള്‍ ഉണങ്ങിയ പാടുകള്‍, പൊള്ളല്‍ ഏറ്റതിന്റെ അടയാളങ്ങള്‍ എന്നിവയും കാണാം. മതിയായ ഭക്ഷണം പോലും കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല എന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമാണ്. ഭക്ഷണം ലഭിക്കാത്തതിനാല്‍ വളര്‍ച്ച കുറവും ഉണ്ട്. കുട്ടികള്‍ക്ക് സ്‌കാനിംഗും കൂടുതല്‍ വിശദമായ പരിശോധനയും നടത്തിയ ശേഷമേ പരിക്കിന്റെ വിശദാംശങ്ങള്‍ അറിയാന്‍ കഴിയൂ.
കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഏറ്റെടുത്തതായി സി ഡബ്ലു സി ചെയര്‍മാന്‍ അഡ്വ.ഷാജേഷ് ഭാസ്‌ക്കര്‍ പറഞ്ഞു. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ ഡിസ്ചര്‍ജ് ചെയ്യുന്നതോടെ മലപ്പുറത്തെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം എന്നിവ പൂര്‍ണ്ണമായും ഏറ്റെടുക്കും. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് ശിക്ഷ ഉറപ്പ് നല്‍കാന്‍ നിയമപരമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും പ്രതികള്‍ക്ക് എതിരെയുള്ള കേസെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ കുട്ടികളെ പരിചരിക്കാന്‍ രണ്ടു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സി ഡബ്ലു സി അംഗങ്ങള്‍ പറഞ്ഞു.