ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ; ഓയില്‍ കടലിലേക്ക് പടര്‍ന്നു
തിരുവനന്തപുരം വേളിയില്‍ ഉള്ള ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി. ഓയില്‍ വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഓയില്‍ കടലിലും തീരത്തും ചേര്‍ന്നതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി.
ഇന്ന് പുലര്‍ച്ചെയോടെയാണ് ചോര്‍ച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫര്‍ണസ് ഓയില്‍ 2 കിലോമീറ്റര്‍ വരെ കടലില്‍ വ്യാപിച്ചു. ഗ്ലാസ് പൗഡര്‍ നിര്‍മാണത്തിനു ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയില്‍ ഉപയോഗിക്കുന്നത്. ചോര്‍ച്ച അടച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചു. എണ്ണ പടര്‍ന്ന മണല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കും. ഇതിനായുള്ള നടപടികള്‍ തുടങ്ങി. കടലിലേക്ക് എത്രമാത്രം എണ്ണ പടര്‍ന്നെന്നറിയാന്‍ കോസ്റ്റ്ഗാര്‍ഡ് നിരീക്ഷണം നടത്തും.
അതേസമയം രണ്ടു മാസത്തോളം മീന്‍പിടിക്കാന്‍ കഴിയില്ലെന്ന് വി.എസ്.ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു. കടലില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാകും. അതുകൊണ്ട് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഓയില്‍ ലീക്കേജുണ്ടായ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.