വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ അറസ്റ്റില്‍ ; പ്രതിഷേധക്കാര്‍ക്ക് പോലീസ് മര്‍ദ്ദനം

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണം എന്ന പേരില്‍ സമരം ചെയ്തു വന്ന പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു. അതുപോലെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍ അമ്മയുടെ അന്തിമസമര സത്യഗ്രഹത്തിന് പിന്തുണയുമായായാണ് ഗോമതി നിരാഹാരം ആരംഭിച്ചത്. പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്‍ഡിനു സമീപത്തുള്ള സമരപ്പന്തലില്‍ നിരാഹാരമിരിക്കുകയായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.

6 ദിവസമായി നിരാഹാരമിരിക്കുന്ന ഇവരുടെ ആരോഗ്യനില മോശമായിരുന്നു. ഇതേ തുടര്‍ന്നാണ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമിച്ചത്. ഇത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പെടെ 15ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സമരക്കാരെ പൊലീസ് മര്‍ദ്ദിച്ചു എന്നും ആരോപണമുണ്ട്. അറസ്റ്റ് തടയാന്‍ ശ്രമിച്ച സമയമാണ് പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. അതേസമയം കുട്ടികളുടെ ‘അമ്മ ഇന്ന് തന്നെ ജാമ്യം എടുത്ത് ഇവര്‍ ഇതേ സമരപ്പന്തലില്‍ മടങ്ങി എത്തിയേക്കും. നാളെ മുതല്‍ പെണ്‍കുട്ടികളുടെ അമ്മ നിരാഹാരം ഇരിക്കാനും സാധ്യതയുണ്ട്.