പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം ; വിഷമത്തില്‍ സിനിമാ പ്രേമികള്‍
ഒന്നാമന്‍ ആയതിനു പിന്നാലെ പൈറസിക്കെതിരെ തങ്ങളുടെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്തിരുന്ന നിരവധി ചാനലുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടെലഗ്രാം നീക്കം ചെയ്തത്. ഒട്ടേറെ ഉപഭോക്താക്കളാണ് ചാനല്‍ നീക്കം ചെയ്യുന്നതിനെപ്പറ്റി സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചത്. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് ടെലഗ്രാം ഉപയോഗിക്കപ്പെട്ടിരുന്നത്. 2 ജിബി വരെയുള്ള ഫയലുകള്‍ പങ്കുവെക്കാന്‍ കഴിയും എന്നതാണ് ടെലഗ്രാമിനെ ജനകീയമാക്കിയത്.
സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ പ്രീതി നേടിയ ടെലഗ്രാമില്‍ സിനിമകളും മറ്റ് ചലച്ചിത്ര രൂപങ്ങളും പങ്കുവെക്കാന്‍ നിരവധി ചാനലുകളും ഗ്രൂപ്പുകളും ഉണ്ട്. ഇത്തരം ചാനലുകളാണ് ഇപ്പോള്‍ പൂട്ടുന്നത്. ഇടക്കിടെ അശ്ലീല, പൈറേറ്റഡ് വിഡിയോ ചാനലുകള്‍ പൂട്ടാറുണ്ടെങ്കിലും ഇത്രയധികം ചാനലുകള്‍ ഒരുമിച്ച് നീക്കം ചെയ്യുന്നത് ഇത് ആദ്യമായാണ്. അതേസമയം ഇത്തരം കണ്ടന്റുകള്‍ പങ്കുവക്കുന്ന ഗ്രൂപ്പുകള്‍ക്ക് പ്രശ്‌നമില്ല.
ഒടിടിയിലും തീയറ്ററിലും റിലീസാവുന്ന സിനിമ അടക്കമുള്ള വിഡിയോ കണ്ടന്റുകള്‍ ടെലഗ്രാമിലൂടെ വേഗത്തില്‍ പ്രചരിക്കുന്നത് ഏറെക്കാലമായുള്ള പരാതിയാണ്. പൈറേറ്റഡ് കണ്ടന്റുകള്‍ ഏറ്റവുമധിക പ്രചരിക്കുന്നത് ടെലഗ്രാമിലൂടെയാണ്. ഇത് അവസാനിപ്പിക്കണമെന്ന് പലപ്പോഴായി സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. പലതവണ ചാനലുകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും വീണ്ടും പല പേരുകളില്‍ അവ ടെലഗ്രാമില്‍ തിരികെ എത്താറുണ്ട്. ഇത് കാരണം ഓ ടി ടി പ്ലാറ്റ് ഫോമുകള്‍ക്ക് വന്‍ നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ടെലിഗ്രാമിന്റെ ഈ നടപടിക്ക് പിന്നില്‍ ഓ ടി ടിക്കാരുടെ സമ്മര്‍ദ്ദം ആയിരിക്കാം എന്നാണ് അനുമാനം. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര് ഡൗണ്‍ലോഡ് ചെയ്ത ആപ്പ്കളില്‍ ഒന്നാം സ്ഥാനം ടെലിഗ്രാമിന് കിട്ടിയത്. ജനപ്രിയ ആപ്പ് ആയ ഫേസ്ബുക് വാട്‌സ് ആപ്പ് എന്നിവരെ പിന്തള്ളിയാണ് ടെലിഗ്രാം ഈ നേട്ടം കൈവരിച്ചത്.