യാത്രക്കാര്‍ക്ക് ഇരുട്ടടി ; ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന വരുത്തിയതായി റിപ്പോര്‍ട്ട്. കുറഞ്ഞ നിരക്കില്‍ 10 ശതമാനവും കൂടിയ നിരക്കില്‍ 30 ശതമാനവും വര്‍ദ്ധിപ്പിച്ചിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ വിമാന ടിക്കറ്റ് നിരക്കില്‍ പരമാവധി 5600 രൂപ വരെ വര്‍ദ്ധിക്കുമെന്നാണ് സൂചന. കോവിഡ് സാഹചര്യത്തില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇതു കാരണം ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ ആഭ്യന്തര ഫ്‌ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് നിരക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് 25 ന് ആഭ്യന്തര വിമാനങ്ങള്‍ സര്‍വീസ് പുനരാരംഭിക്കുമ്പോഴാണ് നിരക്ക് പരിധി നിശ്ചയിച്ചു നല്‍കിയത്.

ഇക്കാലത്ത് വിമാന സര്‍വീസുകള്‍ നടത്തിക്കൊണ്ടുപോകുന്നത് അസാധാരണമായ നടപടിയാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു, വിമാന സര്‍വീസുകള്‍ കോവിഡ് -19 ന് മുമ്പുള്ള നിലയിലെത്തിയാല്‍ നിരക്ക് വര്‍ദ്ധന പിന്‍വലിക്കുമെന്ന് രാജ്യസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു, സിവില്‍ ഏവിയേഷന്‍ മേഖല 2020 മാര്‍ച്ച് 23 ന് പൂര്‍ണ്ണമായും അടച്ചുപൂട്ടി. കര്‍ശന നിയന്ത്രണങ്ങളോടെ മെയ് 25 നാണ് ആഭ്യന്തര സര്‍വീസ് വീണ്ടും തുടങ്ങിയത്. ഇപ്പോള്‍ രാജ്യത്ത് 80 ശതമാനം വരെ വിമാന സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കോവിഡ് കാലത്തെ മാന്ദ്യം കൂടി കണക്കിലെടുത്ത് വിമാന കമ്പനികളാണ് ഈ തീരുമാനം എടുത്തതെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി വ്യക്തമാക്കി.

ഞങ്ങള്‍ ഇപ്പോള്‍ ഒരു രസകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ഒരു വശത്ത്, ചില കമ്പനികള്‍ പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നു, അതേസമയം മറ്റു ചിലര്‍ പ്രവര്‍ത്തനം മന്ദഗതിയിലാകാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു, 80 ന് അപ്പുറത്തേക്ക് ഉയര്‍ത്താനുള്ള തീരുമാനത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് വൈറസ് വ്യാപനം, പാലിക്കേണ്ട നിബന്ധനകള്‍, കോവിഡ് മാനദണ്ഡം എന്നിവയെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

മെയ് 21 ന് ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ ആണ് സര്‍ക്കാര്‍ തീരുമാനിച്ച നിരക്ക് പരിധി പുറപ്പെടുവിച്ചത് – 40 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് താഴ്ന്നതും ഉയര്‍ന്നതുമായ പരിധി 2,000 രൂപയും 6,000 രൂപയും ആണ്, 40-60 മിനിറ്റ് 2,500 രൂപയും 7,500 രൂപ, 60-90 മിനിറ്റിന് 3,000 രൂപ, 9,000 രൂപ, 90-120 മിനിറ്റിന് 3,500 രൂപ, 10,000 രൂപ, 120-150 മിനിറ്റിന് 4,500 രൂപ, 13,000 രൂപ, 150-180 മിനിറ്റിന് 5,500 രൂപയ്ക്കും 15,700 രൂപയ്ക്കും 180- നും 210 മിനിറ്റ് 6,500 രൂപയും 18,600 രൂപയും എന്നിങ്ങനെയാണ് അന്ന് നിശ്ചയിച്ച നിരക്ക്. 180-210 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫ്‌ലൈറ്റിന്റെ ഉയര്‍ന്ന നിരക്ക് ഇപ്പോള്‍ 18,600 രൂപയാണ്. ഇത് 30 ശതമാനം വര്‍ദ്ധിപ്പിച്ചാല്‍ 24,200 രൂപയായി ഉയരും. 5,600 രൂപയുടെ വര്‍ധനവാണ് ഈ ബാന്‍ഡില്‍ ഉണ്ടായിരിക്കുന്നത്. ഏറ്റവും ചെറിയ റൂട്ടില്‍, കുറഞ്ഞ നിരക്കിലുള്ള ബാന്‍ഡ് 10% വര്‍ദ്ധിപ്പിക്കും, അതായത് 200 രൂപ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധിക്കും.