എം.സി കമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി

എം.സി കമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി. 90 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കമറുദ്ദീന്‍ പുറത്തിറങ്ങുന്നത്. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ 148 വഞ്ചനാ കേസുകളാണ് എം. സി കമറുദ്ദീനെതിരെയുണ്ടായിരുന്നത്. ചന്തേര, കാസര്‍കോഡ്, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. കോടതികളിലെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും പുറത്തിറങ്ങി. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ നേരിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെത്താനാണ് തീരുമാനം. അതേസമയം കേസിലെ മുഖ്യപ്രതിയായ പൂക്കോയ തങ്ങളും മകനും ഇപ്പോഴും ഒളിവിലാണ്.

ജയില്‍ നിന്ന് പുറത്ത് വന്ന കമറുദ്ദീന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തനിക്കെതിരെ നടന്നത് ഗൂഢാലോചനയായിരുന്നുവെന്നും തന്നെ പൂട്ടുക ആയിരുന്നു ലക്ഷ്യമെന്നും കമറുദ്ദീന്‍ പറഞ്ഞു. ആ ലക്ഷ്യം അവര്‍ നിറവേറ്റിയെന്നും തട്ടിപ്പ് കേസില്‍ പ്രതിയാക്കിയവര്‍ക്ക് കാലം മാപ്പ് തരില്ലെന്നും കമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ‘രാഷ്ട്രീയക്കാര്‍ തെങ്ങ് കയറ്റക്കാരെ പോലെ ആണ്. കയറ്റവും ഇറക്കവും ഉണ്ടാകും. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. ഗൂഢാലോചനയില്‍ മാധ്യമ പ്രവര്‍ത്തകരും ഉണ്ട്. ഗൂഢാലോചനയുടെ വിശദ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടും’- കമറുദ്ദീന്‍ പറഞ്ഞു.