തന്റെ പുസ്തകത്തില്‍ വിജയ്യെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞത്
തന്റെ ജീവിതത്തെ കുറിച്ച് ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര തുറന്ന് എഴുതിയ പുസ്തകമാണ് ‘അണ്‍ഫിനിഷ്ഡ്’. വ്യക്തിജീവിതത്തെ കുറിച്ചും കരിയറിലെ മറക്കാനാകാത്ത കാര്യങ്ങളെ കുറിച്ചും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഏറ്റവും മനോഹരമായ കാര്യങ്ങള്‍ മാത്രമല്ല താരം എഴുതിയത്. നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവങ്ങളെ കുറിച്ചും പ്രിയങ്ക പുസ്തകത്തില്‍ പറയുന്നുണ്ട്. സിനിമാ ജീവിതം, കുടുംബം, വ്യക്തിബന്ധങ്ങള്‍ എന്നിവയെ കുറിച്ചാണ് പുസ്തകത്തില്‍ പ്രിയങ്ക ചോപ്ര സംസാരിക്കുന്നത്. തമിഴ് സൂപ്പര്‍ താരം ദളപതി വിജയിയെ കുറിച്ചും പ്രിയങ്ക തന്റെ പുസ്തകത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
2002 ല്‍ പുറത്തിറങ്ങിയ തമിഴന്‍ എന്ന ചിത്രത്തില്‍ വിജയിയുടെ നായികയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ ആദ്യ ചിത്രവും കൂടിയായിരുന്നു ഇത്. സിനിമയുടെ ചിത്രീകരണവേളയില്‍ വിജയിയുടെ സ്വഭാവ മഹിമ തന്നെ ആകര്‍ഷിച്ചതിനെ കുറിച്ചാണ് നടി പറയുന്നത്. വിജയിയുടെ വിനയവും ആരാധകരോടുള്ള പെരുമാറ്റവും അദ്ദേഹത്തോട് കൂടുതല്‍ മതിപ്പുണ്ടാക്കിയെന്ന് പ്രിയങ്ക പുസ്തകത്തില്‍ പറയുന്നു. തന്നില്‍ വലിയ സ്വാധീനമുണ്ടാക്കിയ നടനാണ് വിജയ്. തമിഴന്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ അനുഭവവും പ്രിയങ്ക വിവരിക്കുന്നു.പ്രിയങ്ക അഭിനയിച്ച ക്വാന്റികോയുടെ ചിത്രീകരണത്തിനിടയില്‍ ആരാധകര്‍ എത്തിയപ്പോഴുള്ള അനുഭവമാണ് താരം പങ്കുവെച്ചത്. ഷൂട്ടിനിടയില്‍ ഉച്ചഭക്ഷണ സമയത്തായിരുന്നു കുറച്ച് ആരാധകര്‍ തന്നെ കാണാന്‍ എത്തിയത്.
ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുമ്പോള്‍ താന്‍ ആദ്യം ആലോചിച്ചത് തന്റെ സഹതാരമായിരുന്ന വിജയിയെ കുറിച്ചായിരുന്നു. അദ്ദേഹമാണ് എത്ര തിരക്കുണ്ടെങ്കിലും ആരാധകര്‍ക്ക് വേണ്ടി സമയം മാറ്റിവെക്കണമെന്ന് തനിക്ക് മനസ്സിലാക്കി തന്നത്. പ്രിയങ്ക പറയുന്നു. ബോളിവുഡിന് പുറമേ ഹോളിവുഡിലും സാന്നിധ്യമറിയിച്ച ഇന്ത്യന്‍ നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ സിനിമകള്‍ പോലെ പുതിയ പുസ്തകത്തിനും ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.