മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത മലയാളി വിദ്യാര്‍ഥികളെ പോലീസ് അറസ്‌റ് ചെയ്തു. ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസിലാണ് 11 മലയാളി വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസില്‍ മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റിലാവുന്നത്. . മലയാളികളായ 5 ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികളെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ കോട്ടയം, കാസര്‍ഗോഡ്, കോഴിക്കോട്, പത്തനംത്തിട്ട, മലപ്പുറം സ്വദേശികളാണ്.

മംഗളൂരു ദര്‍ളക്കട്ടെ കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നഴ്സിങ്, ഫിസിയോതെറാപ്പി വിദ്യാര്‍ഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയര്‍ക്കുന്നത്തെ റോബിന്‍ ബിജു (20), വൈക്കം എടയാറിലെ ആല്‍വിന്‍ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിന്‍ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോണ്‍ സിറില്‍ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസര്‍കോട് കടുമേനിയിലെ ജാഫിന്‍ റോയിച്ചന്‍ (19), വടകര ചിമ്മത്തൂരിലെ ആസിന്‍ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുള്‍ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുള്‍ അനസ് മുഹമ്മദ് (21), ഏറ്റുമാനൂര്‍ കനകരിയിലെ കെ എസ് അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പതിനെട്ട് വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതര്‍ നല്‍കിയ പരാതി. ഇതില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തേയും റാഗ് ചെയ്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളോട് മുടിവെട്ടാനും മീശവടിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്നും കൂടാതെ തീപ്പെട്ടിക്കൊള്ളി കൊണ്ട് മുറി അളപ്പിക്കുക, ശാരീരികമായ ഉപദ്രവിക്കുക എന്നിങ്ങനെ പലതരത്തിലാണ് ഇവര് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചത് എന്നാണ് ആരോപണം. ഇത് അനുസരിക്കാത്തവരെ മുറിയില്‍ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.