ടെക്‌സസില്‍ 133 വാഹനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു : ആറുമരണം നിരവധിപേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍

ടെക്‌സസ്: യു.എസിലെ ടെക്‌സസില്‍ അന്തര്‍ സംസ്ഥാന പാതയില്‍ നൂറിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുമരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു. ടെക്‌സസ്-പടിഞ്ഞാറന്‍ വിര്‍ജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയില്‍ കാഴ്ച മറഞ്ഞതാണ് അപകടകാരണം. 133 വാഹനങ്ങളാണ് കൂട്ടിയിടിച്ച് തകര്‍ന്നത്. കാറുകളും ട്രക്കുകളുമാണ് തകര്‍ന്നവയില്‍ അധികവും. നിരവധിപേര്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്‌വിവരം.

65 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂന്നുപേര്‍ അത്യാസന്ന നിലയിലാണ്. ജോലിക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും.

ഹൈഡ്രോളിക് റെസ്‌ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ സ്ഥലത്ത് ഗതാഗത തടസം രൂക്ഷമായിരുന്നു.

കൂട്ടിയിടിയെ തുടര്‍ന്ന് ഇരു വശത്തുനിന്നുമുള്ള വാഹന ഗതാഗതം നിര്‍ത്തിവെച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങളാണ് യു.എസില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായത്. ടെക്‌സസില്‍ മാത്രം 30ഓളം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.