മേജര്‍ രവി കോണ്‍ഗ്രസ്സില്‍
തികഞ്ഞ മോദി അനുഭാവി ആയിരുന്ന പ്രമുഖ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു . ഐക്യ കേരള യാത്രയില്‍ തൃപ്പുണിത്തുറയില്‍ വെച്ച് രമേശ് ചെന്നിത്തലക്കൊപ്പം മേജര്‍ രവി വേദി പങ്കിട്ടു. ശബരിമല വിശ്വാസികള്‍ക്ക് എതിരെ എടുത്ത കേസുകള്‍ യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ പിന്‍വലിക്കണമെന്ന് ഐശ്വര്യകേരളം യാത്രയുടെ വേദിയില്‍ മേജര്‍ രവി ആവശ്യപ്പെട്ടു. അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എഴുതി തളളുമെന്ന ഉറപ്പും നല്‍കണം. ജനങ്ങള്‍ക്ക് വേണ്ടിയുള്ള മന്ത്രിസഭയെ അധികാരത്തിലെത്തിക്കണം.
ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു കൊണ്ടാണ് മേജര്‍ രവിയുടെ പ്രസംഗം ആരംഭിച്ചത്.
‘ഞാന്‍ രാഷ്ട്രത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. രാജീവ് കൊല്ലപ്പെട്ടപ്പോള്‍ ആ ദൃശ്യങ്ങള്‍ കണ്ട് വേദനിച്ചു. ഇതിന് കാരണക്കാരായവരെ പിടിക്കാന്‍ അവസരം ലഭിക്കണേ എന്ന് കൃഷ്ണനോട് കരഞ്ഞ് പ്രാര്‍ത്ഥിച്ചു. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ രാജീവ് ഘാതകരെ പിടികൂടാനുള്ള പ്രത്യേക ടീമില്‍ ഉള്‍പ്പെടുത്തിയതായി അറിയിപ്പ് ലഭിച്ചു. ചെന്നൈയില്‍ എത്തി ടീമിന്റെ ഭാഗമായി. പിന്നീട് എന്റെ ഈ കൈ കൊണ്ടാണ് ഇന്ന് ജയിലില്‍ കഴിയുന്ന മൂന്ന് പ്രതികളെയും പിടികൂടിയത്. രാജീവ് വധക്കേസിലെ പ്രതി ഒറ്റക്കണ്ണന്‍ ശിവരശന്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു.’- മേജര്‍ രവി പറഞ്ഞു.
നേരത്തെ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിരുന്നു. പക്ഷേ, പിന്നീട് സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മേജര്‍ രവി രംഗത്തെത്തി. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാന്‍ പോലും വിളിച്ചില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു.ഇവിടത്തെ നേതാക്കന്മാര്‍ക്ക് മസില്‍ പിടിച്ചു നടക്കാന്‍ മാത്രം കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.
ഒരു പാര്‍ട്ടിയുടെയും മെമ്പര്‍ഷിപ്പ് താന്‍ എടുത്തിട്ടില്ല. ഏതെങ്കിലും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ എനിക്ക് അധികാരമുണ്ട്. പാര്‍ട്ടി അംഗമായാല്‍ എനിക്ക് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് എടുക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിന് വേണ്ടിയാണെന്ന് മേജര്‍ രവി പറഞ്ഞു.